Gulf
ഇന്ത്യയും സൗദിയും തമ്മില്‍ 5 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചുഇന്ത്യയും സൗദിയും തമ്മില്‍ 5 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
Gulf

ഇന്ത്യയും സൗദിയും തമ്മില്‍ 5 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

admin
|
9 Aug 2017 9:07 AM GMT

ഇന്നലെ ഉച്ചയോടെ റിയാദിലെത്തിയ മോദി ദീരയിലെ ചരിത്ര പ്രാധാന്യമുള്ള മസ്മക് കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. തൊഴിലാളികളുടെ സുരക്ഷ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുക എന്നിവ ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.

‌രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സുസ്ഥിരതയാണ് ഇന്ത്യയു‌ടെ പുരോഗതിക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൌദിയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. റിയാദിലെ ഒരു ലേബര്‍ ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരതയുള്ള ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് അധികാരത്തിലുള്ളത്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും മോദി പറഞ്ഞു. രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും കാരണവും ഇതാണ്. റിയാദ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ സൌദിയിലെ പ്രവാസി ഇന്ത്യക്കാര്‍ ഒരുക്കിയ സ്വീകണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ യുവാക്കളുള്ള രാജ്യം കൂടിയാണ് ഇന്ത്യ. രാജ്യ പുരോഗതിയില്‍ യുവാക്കളുടെ പങ്ക് നിസ്തുലമാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരും ക്രിയാത്മകമായ പങ്കു വഹിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അംബാസഡര്‍ അഹമ്മദ് ജാവേദ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.

തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എല്‍ എന്‍ ടിയു‌ടെ തൊഴിലാളി ക്യാമ്പില്‍ മോദി സന്ദര്‍ശനം നടത്തി. റിയാദ് മെട്രോയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്‍എന്‍ടിയും പ്രവൃത്തികള്‍ മോദി വീക്ഷിച്ചു. തുടര്‍ന്ന് തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. തൊഴിലാളികളോടൊപ്പം ഒരുമിച്ചിരുന്ന് ചായ കുടിച്ചാണ് ക്യാമ്പില്‍ നിന്നും മോദി മടങ്ങിയത്.

ഇന്നലെ ഉച്ചയോടെ റിയാദിലെത്തിയ മോദി ദീരയിലെ ചരിത്ര പ്രാധാന്യമുള്ള മസ്മക് കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തിയാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

Similar Posts