കുവൈത്തിലെ ഇന്ത്യൻ സാന്നിധ്യം ഒമ്പതു ലക്ഷം കവിഞ്ഞു
|ഇന്ത്യ കഴിഞ്ഞാൽ ഈജിപ്ത് ആണ് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം
കുവൈത്തിലെ ഇന്ത്യൻ സാന്നിധ്യം ഒമ്പതു ലക്ഷം കവിഞ്ഞു .രാജ്യത്തെ വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനം ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ കഴിഞ്ഞാൽ ഈജിപ്ത് ആണ് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം.
120 ഓളം രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ പ്രവാസജീവിതം നയിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഈജിപ്ത്, ഫിലിപ്പൈൻസ് , ബംഗ്ലാദേശ്, സിറിയ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും. ഏറ്റവും പുതിയ കണക്കു പ്രകാരം 8,95,348 ഇൻഡ്യക്കാർക്കാണ് കുവൈത്തിൽ താമസാനുമതി ഉള്ളത്. 5,86,387 ആണ് രണ്ടാം സ്ഥാനത്തുള്ള ഈജിപ്തുകാരുടെ ഔദ്യോഗിക എണ്ണം. തൊഴിൽ വിസയിലും ആശ്രിത വിസയിലും കഴിയുന്നവരുടെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. അനധികൃതമായി താമസിക്കുന്നവരെ കൂടി കൂട്ടിയാല്‍ എണ്ണം കൂടും. 29000 നടുത്ത് ഇന്ത്യക്കാർ താമസരേഖകൾ ഇല്ലാതെ അനധികൃതമായി കഴിയുന്നുണ്ടെന്നു ആഭ്യന്തര മന്ത്രാലയം ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താൽ നിലവിൽ കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം ഒൻപതു ലക്ഷത്തിനു മേലെയായിരിക്കും . മുന്‍നിരയിലുള്ള ഏഴ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ശേഷിക്കുന്ന 10 ശതമാനത്തില്‍ ജോര്‍ഡന്‍, ഫലസ്തീന്‍ പൗരന്മാരാണ് കൂടുതല്‍.
കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ടാണ് വിദേശികളുടെ എണ്ണം. ജനസംഖ്യാ സന്തുലിതത്വം പാലിക്കുന്നതിനായി വിദേശികളുടെ എണ്ണം കുറക്കണമെന്നും ഇന്ത്യ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തണമെന്നും പാർലമെന്റിൽ പല തവണ ആവശ്യമുയർന്നിരുന്നു .