ഒമാനിൽ നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി
|നോ പാര്‍ക്കിങ് ഏരിയയില്‍ തല്‍ക്കാലത്തേക്ക് വാഹനം പാര്‍ക്ക് ചെയ്താല്‍ പോലും പൊലീസിന്റെ പിടിവീഴും
ഒമാനിൽ നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ക്കശമാക്കി. നോ പാര്‍ക്കിങ് ഏരിയയില്‍ തല്‍ക്കാലത്തേക്ക് വാഹനം പാര്‍ക്ക് ചെയ്താല്‍ പോലും പൊലീസിന്റെ പിടിവീഴും. നോ പാര്‍ക്കിങ്ങിലോ മഞ്ഞവരയിലോ വാഹനം കുറച്ചുനേരത്തേക്ക് പോലും നിര്‍ത്തിയിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
അനധികൃത പാര്‍ക്കിങ് സമയത്ത് ഡ്രൈവര്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നാലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല. മഞ്ഞവരയിട്ട മേഖലകളില്‍ വളരെ ചുരുങ്ങിയ സമയം വാഹനം പാര്‍ക്ക് ചെയ്താലും പിഴ ലഭിക്കും. ഡ്രൈവര്‍ വാഹനത്തിലുണ്ടായാലും ഇത്തരം പാര്‍ക്കിങ് നിയമ വിരുദ്ധമാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിപ്പില്‍ പറയുന്നു. ചെറിയ ഗ്രോസറി ഷോപിന് മുമ്പിലോ കോഫി ഷോപ്പിന് സമീപമോ ഉള്ള മഞ്ഞവരയില്‍ താല്കാലികമായി വാഹനം നിര്‍ത്തിയിട്ട് ഹസാര്‍ഡ് ലൈറ്റിട്ട് ചായ കുടിക്കാനിറങ്ങുന്നവരും ഇനി ശിക്ഷിക്കപ്പെടും. ഇത്തരം കേസുകളില്‍ തൊട്ടടുത്ത പാര്‍ക്കിങ് ഏരിയകളില്‍ വാഹനം നിര്‍ത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇത്തരക്കാര്‍ക്ക് 35 റിയാല്‍ മുതല്‍ 50 റിയാല്‍ വരെയാണ് പിഴ ലഭിക്കുക. നോപാര്‍ക്കിങ് എരിയയിലോ മഞ്ഞവരക്കുള്ളിലോ വാഹനം നിര്‍ത്തുന്നതിന് ഒരു ന്യായീകരണവും സ്വീകരിക്കപ്പെടില്ലെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നത് തുടരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എതിരെയും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സ്വദേശിയായാലും വിദേശി ആയാലും കടുത്ത ശിക്ഷയാണ് ലഭിക്കുക. അഞ്ഞൂറ് റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത്തരക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും. നിരവധി അപകടങ്ങള്‍ക്ക് കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 300 റിയാല്‍ പിഴയും ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. പൊതു നിരത്തുകളിലും തെരുവുകളിലും റെയ്സിങ് നടത്തുന്നവരും മൂന്ന് മാസം തടവും 300 റിയാല്‍ പിഴയും ഒടുക്കേണ്ടി വരും. അധികൃതര്‍ ശിക്ഷാ നടപടികള്‍ ശക്തമാക്കിയതോടെ വാഹന അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.