Gulf
സൌദിയില്‍ റോഡ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനംസൌദിയില്‍ റോഡ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം
Gulf

സൌദിയില്‍ റോഡ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

Jaisy
|
19 Aug 2017 2:47 AM GMT

അടുത്ത വര്‍ഷം മുതല്‍ ട്രക്കുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നികുതി ഏര്‍പ്പെടുത്തുക

സൌദി അറേബ്യയില്‍ റോഡ് നികുതി ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. വന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളിലാണ് റോഡ് നികുതി ഏര്‍പ്പെടുത്തുന്നത്. അടുത്ത വര്‍ഷം മുതല്‍ ട്രക്കുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നികുതി ഏര്‍പ്പെടുത്തുക.

സൗദി ഹൈവേകളില്‍ അടുത്ത വര്‍ഷം മുതല്‍ റോഡ് ടാക്സ് ഏര്‍പ്പെടുത്താനാണ് ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. തുടക്കത്തില്‍ ട്രക്കുകള്‍ക്ക് ബാധകമാവുന്ന ടാക്സ് പിന്നീട് എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാകും. 2018ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നികുതി 2020ന് മുമ്പ് പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയത്തിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി തുര്‍ക്കി അത്തുഐമി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ട്രക്കുകള്‍ക്കാണ് നിയമം ബാധകമാക്കുക. പിന്നീട് ഹൈവേകളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമാക്കും. റോഡ് ടാക്സുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നും തുര്‍ക്കി അത്തുഐമി പറഞ്ഞു. സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി ഹൈവേകളില്‍ നികുതി ഏര്‍പ്പെടുത്തുന്നത്. ചരക്ക് ഗതാഗതത്തില്‍ നികുതി വരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവും. പ്രത്യേകിച്ചും ജിദ്ദ, ദമ്മാം തുറമുഖങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ചരക്കുകള്‍ വിപണിയിലത്തെിക്കുന്ന റിയാദ് പോലുള്ള വന്‍ നഗരങ്ങളില്‍ വിലക്കയറ്റം രൂക്ഷമാവും. ദീര്‍ഘ ദൂര യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളെക്കാള്‍ സ്വകാര്യ വാഹനങ്ങളാണ് സൌദിയില്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതിനാല്‍ സ്വദേശികളെയും വിദേശികളെയും പ്രത്യക്ഷമായും പരോക്ഷമായും റോഡ് നികുതി വലിയ രീതിയില്‍ ബാധിക്കും.

Related Tags :
Similar Posts