ജുബൈല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് 2 വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് കാണാതായി
|കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷ എഴുതി വിജയിച്ച 163 കുട്ടികള്‍ക്കാണ് വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിയും ലഭിക്കാത്തത്...
ജുബൈല്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ഇത്തവണ പ്ലസ് 2 പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് കാണാതായതായി പരാതി. മാര്‍ക്ക് ലിസ്റ്റിനോടപ്പം ലഭിക്കുന്ന പാസ്സ്ഡ് സര്‍ക്കിട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നിരവധി വിദ്യാര്‍ഥികളുടെ തുടര്‍പഠനം ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷ എഴുതി വിജയിച്ച 163 കുട്ടികള്‍ക്കാണ് വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിയും ലഭിക്കാത്തത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരി പഠനത്തിന് പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാവാതെ പ്രയാസപ്പെടുകയാണ്. നിരവധി രക്ഷിതാക്കാളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളില്‍ പരാതികളുമായി എത്തിയത്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജ്മന്റ് കമ്മിറ്റിയും പരിശ്രമിക്കുന്നുണ്ടെങ്കിലും എന്ന് വിതരണം ചെയ്യുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ഡല്‍ഹിയിലെ സി.ബി.എസ്.സി ആസ്ഥാനത്ത് അന്വേഷിച്ച രക്ഷിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി അയച്ചെന്ന മറുപടിയാണ് ലഭിച്ചത്. ഡല്‍ഹിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഒരുമിച്ച് റിയാദിലേക്കും തുടര്‍ന്ന് സൗദിയിലെ എല്ലാ സ്‌കൂളുകളിലേക്കും അയക്കുകയുമാണ് ചെയ്തത്. പ്ലസ് 2, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുകള്‍ ഒരുമിച്ചാണ് റിയാദില്‍ നിന്നും ജുബൈല്‍ സ്‌കൂളിലേക്ക് അയച്ചത്. എന്നാല്‍ അതില്‍ പത്തിലെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ദമ്മാമിലും റിയാദിലും വളരെ നേരത്തെ തന്നെ പാസ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. ജുബൈല്‍ സ്‌കൂളില്‍ നിന്നും വിജയിച്ച കുട്ടികള്‍ക്ക് പാസ്സ് സര്‍ട്ടിഫിക്കറ്റിന് പകരം അത് ഉടന്‍ ഹാജരാക്കികൊള്ളം എന്ന പ്രിന്‍സിപ്പലിന്റെ കത്ത് ആണ് ലഭിച്ചത്. മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രിന്‍സിപ്പലിന്റെ കത്ത് കൂടി ഹാജരാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ബോര്‍ഡ് നല്‍കുന്ന പാസ്സ് സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കേണ്ടതുണ്ട്. എത്രയും വേഗം യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പഠനം ഒരു വര്‍ഷം നഷ്ടമാകുമെന്നാണ് ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപെട്ടത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.