Gulf
യമനിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കുമെന്ന് സല്‍മാന്‍ രാജാവ്യമനിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കുമെന്ന് സല്‍മാന്‍ രാജാവ്
Gulf

യമനിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കുമെന്ന് സല്‍മാന്‍ രാജാവ്

Jaisy
|
31 Aug 2017 8:59 AM GMT

സഖ്യസേനയുമായി സഹകരിച്ച് കിങ് സല്‍മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് ഇത്തരം സേവനം ഉറപ്പുവരുത്തുക

യമന്‍ തലസ്ഥാനത്ത് മരണാനന്തര ചടങ്ങില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദേശത്ത് ചികില്‍സ ആവശ്യമാണെങ്കില്‍ അത് ലഭ്യമാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. സഖ്യസേനയുമായി സഹകരിച്ച് കിങ് സല്‍മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് ഇത്തരം സേവനം ഉറപ്പുവരുത്തുക. യമന്‍ പൗരന്മാര്‍ക്ക് സൗദി നല്‍കിവരുന്ന മാനുഷിക സഹായത്തിന്റെ ഭാഗമാണ് വിദേശ ചികില്‍സക്ക് സൗകര്യമൊരുക്കുന്നതെന്ന് രാജാവിന്റെ ഉത്തരവില്‍ വ്യക്തമാക്കി.

ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ രാഷ്ട്രീയ, ഗോത്ര പ്രമുഖരടക്കം നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍, സഖ്യസേന പ്രതിനിധികള്‍, കിങ് സല്‍മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിക്കേറ്റവരെ ചികില്‍സക്ക് വിദേശത്തേക്ക് കൊണ്ടുപോവുക. സൌകര്യമുള്ള സൗദി ആശുപത്രികളിലും പരിക്കേറ്റവരെ പ്രവേശിപ്പിക്കും. വിമതര്‍ തമ്മിലുള്ള കണക്കു തീര്‍ക്കലിന്റെ ഭാഗമായിരുന്നു സ്ഫോടനം. വിവിധ വിമത വിഭാഗക്കാരുടെ സൈനിക, രാഷ്ട്രീയ നേതാക്കളും അവരുടെ ആശ്രിതരുമാണ് പൊട്ടിത്തെറിയില്‍ മരിച്ചത്.

സഖ്യസേനയുടെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്ന ആരോപണം സൗദി നിഷേിധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലുള്ള ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനു മുന്‍പായി, ഹൂതി, അലി സാലിഹ് വിമതര്‍ പൊട്ടിത്തെറി നടന്ന പ്രദേശത്തെ തെളിവുകള്‍ നശിപ്പിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും പരാതിയുണ്ട്. 2014ലെ അട്ടിമറി ശ്രമത്തിന് ശേഷം സന്‍ആയിലെ ഈ പ്രദേശം വിമതരുടെ അധീനതയിലായിരുന്നു.

Similar Posts