ദുബൈ പൊലീസിന്റെ സേവനങ്ങള്‍ക്ക് ഇനി ഫീസ് നല്‍കണം
|അപകടമുണ്ടാകുന്ന സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനടക്കം ഇനി ഫീസ് നല്‍കേണ്ടി വരും
ദുബൈ പൊലീസിന്റെ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനം. അപകടമുണ്ടാകുന്ന സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനടക്കം ഇനി ഫീസ് നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സിലിന്റെ നിയമത്തിന് അംഗീകാരമായി.
ദുബൈ പൊലീസിന്റെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിവിധ പൊലീസ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നതെന്ന് ദുബൈ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച നിയമത്തിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി.
ദുബൈ പൊലീസിന്റെ വിവിധ സേവനങ്ങളും അവയ്ക്കുള്ള ഫീസും അടങ്ങുന്ന പട്ടിക ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. വാഹനാപകടമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയാറാക്കി പേപ്പര്‍ നല്‍കുന്നതിനും വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് മറ്റ് വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനും ക്രെയിനുകളും കണ്ടെയ്നറുകളും റോഡിലിറക്കുന്ന നടപടികള്‍ക്കും ഫീസ് ഈടാക്കും. സര്‍ട്ടിഫിക്കറ്റുകളും പെര്‍മിറ്റുകളും അനുവദിക്കുന്നതിനും ഇനി മുതല്‍ നിശ്ചിത ഫീസുണ്ടാകും. ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.