ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി തൊഴിലാളികളുടെ വീഡിയോ സന്ദേശം
|കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ ശമ്പളം ലഭിക്കാത്ത ജീവനക്കാരുടേതാണ് വീഡിയോ സന്ദേശം
ദുരിതം വിശദീകരിച്ച് ജീവനക്കാര്‍ അയച്ച വാട്ട്സ്അപ്പ് വീഡിയോ സന്ദേശം പുറത്തു വന്നു. കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ ശമ്പളം ലഭിക്കാത്ത ജീവനക്കാരുടേതാണ് വീഡിയോ സന്ദേശം. മുഖം മറച്ചയച്ച സന്ദേശത്തില്‍ ദുരിതം വിശദീകരിക്കുന്നുണ്ട് തൊഴിലാളികള്‍.
ലോകം കാണട്ടെ തങ്ങളുടെ ദുരിതം, എന്നാല്‍ മുഖം കാണണ്ട. കണ്ടാല്‍ തങ്ങളെ നാടുകടത്തും എന്നാണ് ഇവര്‍ പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും ഡി.എം.കെ നേതാവ് കരുണാനിധിയുടെ പടവുമായി നില്‍ക്കുന്ന തമിഴ് തൊഴിലാളികളുടെ വാട്ട്സ് ആപ് വിഡിയോ സന്ദേശമാണ് മീഡിയവണിന് ലഭിച്ചത് . കുവൈത്തിലെ പ്രമുഖ കമ്പനിയായ ഖറാഫി നാഷനലിലെ തൊഴില്‍ പ്രശ്നം പുറത്തത്തെിച്ചത് മീഡിയവൺ ആയിരുന്നു . ഇതിന് അവര്‍ വാട്ട്സ്ആപ് വിഡിയോയിലൂടെ നന്ദി പറയുന്നുണ്ട്. വാര്‍ത്തയെ തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ച പി. കരുണാകരന്‍ എം.പിക്കും നന്ദി പറയുന്നുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലയാളികളും തമിഴ്നാട്ടുകാരുമാണ് ഇവിടുത്തെ തൊഴിലാളികളിലധികവും.