Gulf
വൈറസ് ബാധ; 9 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി നിര്‍ത്തിവെച്ചുവൈറസ് ബാധ; 9 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി നിര്‍ത്തിവെച്ചു
Gulf

വൈറസ് ബാധ; 9 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി നിര്‍ത്തിവെച്ചു

Jaisy
|
3 Oct 2017 3:56 PM GMT

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ഒമ്പതു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി അറേബ്യ നിര്‍ത്തിവെച്ചു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വേള്‍ഡ് ഓള്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീനില്‍ വൈറ്റ് സ്പോട്ട് വൈറല്‍ ഡിസീസ് (ഡബ്ള്യു.എസ്.എസ്.വി) എന്ന രോഗം സംശയിക്കുന്നുണ്ടെന്ന വേള്‍ഡ് ഓള്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സൗദിയിലെ ബന്ധപ്പെട്ട വിഭാഗങ്ങളും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഒഡിഷ, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. ഫ്രോസണ്‍ ചെമ്മീനിനും ഉണക്ക ചെമ്മീനിനും നടപടി ബാധകമാണ്. വൈറസ് രോഗം സംബന്ധിച്ച സംശയങ്ങള്‍ നീങ്ങുന്നതുവരെ നിരോധം തുടരുമെന്നാണ് സൂചന. ചെമ്മീനിന്റെ ആന്തരിക, ബാഹ്യ ഭാഗങ്ങള്‍ പ്രത്യേകം പരിശോധിച്ചതില്‍ നിന്നാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും രാജ്യത്തേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടിയെന്നും ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയുടെ നല്ലൊരു ഭാഗം ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പോകുന്നത്. അതില്‍ തന്നെ സിംഹഭാഗവും എത്തുന്നത് സൗദിയിലാണ്. സൗദിയുടെ കിഴക്കന്‍ തീരത്ത് ചെമ്മീന്‍ സുലഭമായി ലഭിക്കാറുണ്ടെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില ഇനം ചെമ്മീനുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വന്നാമി ഷ്രിംപ് എന്ന ഇനമാണ് ഇതില്‍ മുന്നില്‍. നിരോധം വന്നിരിക്കുന്നതും പ്രധാനമായി വന്നാമിക്കാണെന്നാണ് സൂചന. ടൈഗര്‍ പ്രോണ്‍സിന്റെ ഉല്‍പാദനം കുറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്ന് ഏറ്റവുമധികം കയറ്റി അയക്കുന്നത് വന്നാമിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടര ലക്ഷത്തോളം ടണ്‍ വന്നാമി ചെമ്മീനാണ് കയറ്റുമതി ചെയ്തത്. സൗദി അറേബ്യയില്‍ നിരോധം വരുന്നതോടെ ഇതര ഗള്‍ഫ് രാജ്യങ്ങളും ഇക്കാര്യം പരിശോധിക്കും.

Similar Posts