Gulf
പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍
Gulf

പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍

Alwyn
|
8 Nov 2017 12:03 PM GMT

സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം തന്റെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതിഷേധം പാര്‍ലമെന്റ് അംഗങ്ങള്‍ വ്യക്തമാക്കിയത് .

കുവൈത്തില്‍ അടുത്ത മാസം ഒന്ന് മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്ത്. സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം തന്റെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതിഷേധം പാര്‍ലമെന്റ് അംഗങ്ങള്‍ വ്യക്തമാക്കിയത് .

പാര്‍ലമെന്റംഗങ്ങളില്‍ അധിക പേരും വേനലവധി ചെലവിടുന്നതിനായി രാജ്യം വിട്ട സമയത്ത് തിരക്ക് പിടിച്ചു വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഞെട്ടലുളവാക്കുന്നതാണെന്നാണ് ചൊവാഴ്ച യോഗത്തില്‍ പങ്കെടുത്ത 14 സാമാജികരും അഭിപ്രായപ്പെട്ടത്. വിദേശ യാത്ര വെട്ടിക്കുറക്കാനും അടിയന്തര പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനും എംപിമാര്‍ സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പു ലംഘിക്കപ്പെടുന്നതില്‍ ഭൂരിഭാഗം എംപിമാരും പ്രതിഷേധവും ഉത്കണ്ഠയും അറിയിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ മുബാറക് അല്‍ ഖുറൈനിജ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പാര്‍ലിമെന്റ് അംഗങ്ങളുടെ തീരുമാനം.

എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനം വൈദ്യുതി വെള്ളം എന്നിവയുടെ സബ്‌സിഡി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ജലം, വൈദ്യുതി നിരക്ക് വര്‍ധനക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും സ്വദേശികളെ സാരമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം എം.പിമാരും പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. സ്വദേശികളെ വിലവര്‍ധന ബാധിക്കാത്ത രീതിയില്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും എംപി മാരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ അമീറിന്റെ പ്രത്യേക ഉത്തരവിലൂടെ വിലവര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . സെപ്റ്റംബര്‍ ഒന്ന് മുതല്‍ വില വര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത് .

Related Tags :
Similar Posts