സൗദി ഇലക്ട്രിസിറ്റി കമ്പനിയും സ്വകാര്യവത്കരിക്കുന്നു
|രാജ്യത്തിന്റെ സേവന മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി
സൗദി അറേബ്യയുടെ ദേശീയ വൈദ്യുതി സ്ഥാപനമായ സൗദി ഇലക്ട്രിസിറ്റി കമ്പനിയും സ്വകാര്യവത്കരിക്കുന്നു. രാജ്യത്തിന്റെ സേവന മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി.
ഈ വര്‍ഷം അവസാനത്തോടെ സ്ഥാപനത്തിന്റെ ആസ്തികളിന്‍മേലുള്ള സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്.ഇ.സി ചെയര്‍മാന്‍ സാലിഹ് അല്‍ അവാജി വ്യക്തമാക്കി. സേവനം കൂടുതല്‍ മികവുറ്റതാക്കുന്നതിനായി വ്യത്യസ്ത കമ്പനികളാക്കി വേര്‍തിരിക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ സൂചിപ്പിച്ചിരുന്നു. സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ 15 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി വൈദ്യൂതി ഉപഭോഗം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും അവാജി പറഞ്ഞു. ഊര്‍ജ രംഗത്തെ സബ്സിഡി സര്‍ക്കാര്‍ എടുത്തുമാറ്റിയതിനെ തുടര്‍ന്നാണിത്.
അതിനിടെ, തലസ്ഥാന നഗരത്തിന്റെയും സമീപ പ്രവിശ്യകളുടെയും ഊര്‍ജ ആവശ്യത്തിനായി വിഭാവനം ചെയ്യുന്ന പുതിയ പവര്‍ പ്ലാന്റിന്റെ ടെന്‍ഡര്‍ നടപടികളും ഇക്കൊല്ലം അവസാനത്തോടെ ആരംഭിക്കും. ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി) എന്ന നിലയില്‍ സ്വകാര്യപങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 5,000 ത്തിലേറെ മെഗാവാട്ട് ആകും ഉത്പാദന ശേഷി.