വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ ഷാര്‍ജയില്‍ നടപടി
|വേനല്‍കാലം മുന്‍നിര്‍ത്തി വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ ഷാര്‍ജയില്‍ നടപടി ആരംഭിച്ചു.
വേനല്‍കാലം മുന്‍നിര്‍ത്തി വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ ഷാര്‍ജയില്‍ നടപടി ആരംഭിച്ചു. വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജ ജല വൈദ്യുത വിഭാഗത്തിന് ചുവടെയാണ് ഉഷ്ണകാലം മുന്‍നിര്‍ത്തിയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. ചൂട് കാലത്ത് സംഭവിച്ചേക്കാവുന്ന വൈദ്യുത തകരാറുകള്‍ മുന്നില്‍ കണ്ടാണ് സേവന അറ്റകുറ്റ പണികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 15 പ്രദേശങ്ങളിലെ 2825 വിതരണ ശൃംഖലകളിലാണ് സേവയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അറ്റകുറ്റ പണികള്‍ നടത്തുന്നത്. അല്‍ നഹ്ദ, അല്‍ ഖാലിദിയ്യ അല്‍ മംസാര്‍, അല്‍ ഗുബൈബ, അല്‍ ശഹ്ബ, സംനാന്‍, അല്‍ മജാസ്, അല്‍ നസ്റിയ, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും സൃഷ്ടിക്കാതെയാണ് ജോലികള്‍ പുരോഗമിക്കുന്നത്.
ആധുനിക ഗുണനിലവാരത്തോടു കൂടിയ സേവനം ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് സേവയുടെ ലക്ഷ്യമെന്ന് ചെയര്മാന് ഡോ. റാഷിദ് ആല് ലീം പറഞ്ഞു. കഴിഞ്ഞ ഓക്ടോബറില്‍ തുടങ്ങിയ അറ്റകുറ്റ ജോലികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. കേബിള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയിലെ തകരാറുകള്‍ പരിഹരിച്ചും പുതിയത് സ്ഥാപിച്ചുമാണ് ജോലികള്‍ മുന്നോട്ട് പോകുന്നത്.