ദുബൈയിലെ ഡ്രൈവര്‍മാര്‍ ജാഗ്രതൈ; മഞ്ഞവര താണ്ടുന്നവര്‍ കുടുങ്ങും
|റോഡിലെ മഞ്ഞവരക്ക് പുറത്തുകൂടി വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ദുബൈ പൊലീസ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തു.
റോഡിലെ മഞ്ഞവരക്ക് പുറത്തുകൂടി വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ദുബൈ പൊലീസ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തു. പരീക്ഷണത്തിനായി സ്ഥാപിച്ച ഉപകരണം വിജയകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ദുബൈയിലെ റോഡുകളില്‍ താമസിയാതെ ഈ ഉപകരണം വ്യാപകമാവും.
അത്യാവശ്യഘട്ടങ്ങളില്‍ വാഹനം നിര്‍ത്തിയിടാനും പൊലീസിനും ആംബുലന്‍സിനും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനുള്ള സ്ഥലമാണ് റോഡിന് ഇരുവശമുള്ള ഹാര്‍ഡ് ഷോള്‍ഡര്‍ എന്ന മഞ്ഞവരക്കപ്പുറമുള്ള സ്ഥലം. ഇതിലൂടെ മറ്റു വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കുറ്റകരമാണ്. ഇത് ലംഘിക്കുന്നവരെ കണ്ടെത്താന്‍ ദുബൈ പൊലീസിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഉയര്‍ന്ന നിലവാരമുള്ള കാമറയും ശബ്ദ സെന്‍സറും ഉള്ളതാണ് ഉപകരണം. ഹാര്‍ഡ് ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഉപകരണം പകര്‍ത്തും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം എളുപ്പത്തില്‍ എവിടെ വേണമെങ്കിലും സ്ഥാപിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹാര്‍ഡ് ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് 600 ദിര്‍ഹം പിഴയും ആറ് ബ്ളാക്ക് പോയിന്‍റും ചുമത്തും. വാഹനം ഒരുമാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. പരീക്ഷണഘട്ടത്തില്‍ എമിറേറ്റ്സ് റോഡില്‍ രണ്ട് മണിക്കൂറിനിടെ 134 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 20 യന്ത്രങ്ങള്‍ ഉടന്‍ എമിറേറ്റ്സ് റോഡില്‍ സ്ഥാപിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.