സന്ദര്‍ശന വിസയില്‍ കഴിയുന്ന യമന്‍ പൗരന്മാര്ക്ക് നിയമാനുസൃത ഇഖാമ നല്കാന് സൌദിയുടെ തീരുമാനം
|സൗദി ഉന്നതസഭയുടെ തീരുമാനപ്രകാരമാണ് രാജ്യത്ത് താല്‍ക്കാലിക വിസയില്‍ കഴിയുന്ന 4,60,000 യമനികള്‍ക്ക് ഇഖാമ നല്‍കുന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.
സൗദിയില്‍ സന്ദര്‍ശന വിസയില്‍ കഴിയുന്ന യമന്‍ പൗരന്മാര്ക്ക് നിയമാനുസൃത ഇഖാമ നല്കാന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സൗദി ഉന്നതസഭയുടെ തീരുമാനപ്രകാരമാണ് രാജ്യത്ത് താല്‍ക്കാലിക വിസയില്‍ കഴിയുന്ന 4,60,000 യമനികള്‍ക്ക് ഇഖാമ നല്‍കുന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.
ജവസാത്ത് നല്കിയ ആറ് മാസത്തെ കാലാവധിയുള്ള വിസിറ്റര്‍ കാര്‍ഡ് ഉണ്ടായിരിക്കുക, കാലാവധിയുള്ള യമന്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കുക, വിരലടയാളം, ജൈവവിവരങ്ങള്‍ തുടങ്ങിയ വ്യക്തിവിവരങ്ങള്‍ കൃത്യമായി ഇലക്ട്രോണിക് സംവിധാനത്തില്‍ പൂര്‍ത്തിയാക്കുക, സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി കരസ്ഥമാക്കുക എന്നിവയാണ് ഇഖാമ ലഭിക്കാനുള്ള നിബന്ധനകള്‍. സൗദിയുടെ നേതൃത്വത്തില്‍ യമനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണാനായി ആരംഭിച്ച സൈനിക നടപടിയത്തെുടര്ന്നാണ് യമന്‍ പൗരന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും സൗദിയില്‍ വിസിറ്റിങ് വിസ വ്യവസ്ഥയില്‍ ആറ് മാസം തങ്ങാന്‍ 2015 ആഗസ്റ്റില്‍ സൗദി അധികൃതര്‍ അനുമതി നല്‍കിയത്.
ഇത്തരത്തില്‍ താല്‍ക്കാലികമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തൊഴിലെടുക്കാനും തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. വിസിറ്റിങ് കാര്‍ഡിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അടുത്ത ആറ് മാസത്തേക്ക് കൂടി പുതുക്കി നല്കാന് ആഭ്യന്തര മന്ത്രി കൂടിയായ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉത്തരവിറക്കുകയായിരുന്നു. ഇങ്ങനെ രാജ്യത്ത് കഴിയുന്ന 4.6 ദശലക്ഷം പേര്‍ക്കാണ് പുതിയ തീരുമാനത്തിലൂടെ ഇഖാമയും സ്ഥിരം തൊഴിലും ലഭിക്കുക.