പുതിയ അധ്യയന ദിനത്തില്‍ ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ എണ്ണായിരത്തോളം കുട്ടികളെത്തി
|ആസൂത്രണത്തിലെ പിഴവുമൂലം കെജി ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ്സ് കണ്ടെത്താന്‍ കുറെ പ്രയാസപ്പെട്ടു
പുതിയ അധ്യയന ദിനത്തില്‍ ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ എണ്ണായിരത്തോളം കുട്ടികളെത്തി. കെജി മുതല്‍ 10 വരെ ക്ലാസ്സുകളാണ് തുടങ്ങിയത്. ആസൂത്രണത്തിലെ പിഴവുമൂലം കെജി ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ്സ് കണ്ടെത്താന്‍ കുറെ പ്രയാസപ്പെട്ടു.
പതിവു പോലെ പെണ്‍കുട്ടികളുടെ സില്‍വര്‍ ജൂബിലി കെട്ടിടത്തിന് പിന്നിലെ കെട്ടിടത്തിലാണ് ഇത്തവണയും കെജി കുട്ടികളേയും കൊണ്ട് സ്വകാര്യ ബസുകള്‍ എത്തിയത്. എന്നാല്‍ ഇതില്‍ പ്രവര്‍ത്തനം നിര്‍ത്തി ക്ളാസ്സുകള്‍ പ്രധാന കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഈ വിവരം അറിയാതെ പഴയ സ്ഥലത്ത് വാഹനമിറങ്ങിയ ചെറിയ കുട്ടികള്‍ എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞു. ഇതോടെ ഓഫിസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന പ്രധാന ബില്‍ഡിംഗില്‍ നിലവില്‍ ആണ്‍കുട്ടികളുടെ ക്ളാസ്സുകളും കെ.ജി ക്ളാസ്സുകളുമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണയും കെ ജി ക്ളാസ്സുകളിലും ഒന്നിലും പ്രവേശം ലഭിക്കാന്‍ രക്ഷിതാക്കള്‍ വളരെ പ്രയാസപ്പെട്ടു. പുതിയ അഡ്മിഷനു വേണ്ടി എത്തിയ രക്ഷിതാക്കളുടെ നീണ്ടനിര ഇന്നലെയും കാണാമായിരുന്നു.
പാഠപുസ്തക വിതരണം ഇത്തവണ നേരത്തേയും വ്യവസ്ഥാപിതവുമായി നടന്നു. വളരെ സൗകര്യങ്ങളോട് കൂടിയ ഓഫീസ് കെട്ടിടവും ഇന്‍ഡോര്‍ കളിസ്ഥലവും പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവാദമായ അധ്യാപക നിയമനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പുതുതായി അവര്‍ കൂടി എത്തുന്നതോടെ അധ്യാപക പരിമിതി ഒരു പരിധിവരെ പരിഹരിക്കാനാവും.