തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി; ഖത്തറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎഇ
|ഖത്തറിന്റെ തീരുമാനം ശരിയായ ദിശയിലുള്ളതാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു
തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്യാനുള്ള ഖത്തറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎഇ. ഖത്തറിന്റെ തീരുമാനം ശരിയായ ദിശയിലുള്ളതാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. ഇതോടെ സൗദി സഖ്യ രാജ്യങ്ങള്‍ക്കും ഖത്തറിനുമിടയില്‍ മഞ്ഞുരുക്കത്തിന് സാധ്യത തെളിയുകയാണ്.
തീവ്രവാദവും തീവ്രവാദികള്‍ക്കുള്ള ധനസഹായവും സംബന്ധിച്ച നിയമം പരിഷ്കരിക്കാനുള്ള ഖത്തറിന്റെ തീരുമാനം ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചത്. അയല്‍രാജ്യങ്ങളുടെ ആശങ്ക അഭിസംബോധന ചെയ്യുന്നതില്‍ പുരോഗമനപരമായ നീക്കമാണിത്. പ്രതിസന്ധിയെ തുടര്‍ന്നുണ്ടാണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുകയാണ്. കരിന്പട്ടികയിലുള്ള 59 തീവ്രവാദികളെ നേരിടുന്നതില്‍ ഗൗരവത്തോടെയുള്ള നീക്കമാണിതെന്നും ഡോ. ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. യുഎസുമായി തീവ്രവാദ വിരുദ്ധ കരാര്‍ ഒപ്പിട്ടതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തീവ്രവാദം സംബന്ധിച്ച രാജ്യത്തെ നിയമം ഭേദഗതി ചെയ്യുന്നതായി അറിയിച്ചത്. തീവ്രവാദം, തീവ്രവാദ കുറ്റങ്ങള്‍, തീവ്രവാദസംഘടനകള്‍ എന്നിവെ പുനര്‍നിര്‍വചിക്കുന്നതാണ് നിയമഭേദഗതി. ഇതോടെ ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മില്‍ ഒന്നരമാസത്തോളമായി തുടരുന്ന പിരിമുറക്കത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.