Gulf
ആരോഗ്യാവസ്ഥ മോശമായവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് യുഎഇആരോഗ്യാവസ്ഥ മോശമായവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് യുഎഇ
Gulf

ആരോഗ്യാവസ്ഥ മോശമായവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് യുഎഇ

സി.കെ അബ്ദുല്‍ അസീസ്
|
21 Nov 2017 9:36 PM GMT

അപസ്മാര രോഗിയുടെ വാഹനം ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി മലയാളി വീട്ടമ്മയടക്കം രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് നടപടി.

യുഎഇയില്‍ ആരോഗ്യാവസ്ഥ മോശമായവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യം പരിഗണനയില്‍. അപസ്മാര രോഗിയുടെ വാഹനം ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി മലയാളി വീട്ടമ്മയടക്കം രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞദിവസം അജ്മാനിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ അപസ്മാരമുണ്ടായ യുവാവിന്റെ വാഹനം പാഞ്ഞുകയറി തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി റുഖിയയും ഇറാഖി ബാലനും മരിച്ചത്. ഇത്തരം രോഗങ്ങള്‍ കണ്ടെത്തിയവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യം ആര്‍ടിഎ ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ടെന്ന് ലൈസന്‍സിങ് ഏജന്‍സി സി ഇ ഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാന്‍ പറഞ്ഞു.

നിലവില്‍ ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്ക് എല്ലാവര്‍ഷവും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ലോറി, ബസ്, ടാക്സി ഡ്രൈവര്‍മാര്‍ക്ക് വാര്‍ഷിക മെഡിക്കല്‍ പരിശോധന ബാധകമാക്കി കഴിഞ്ഞു. അടുത്തഘട്ടത്തില്‍ ഇത് വ്യക്തികളുടെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാക്കും. എന്നാല്‍, വ്യക്തിഗത ഡ്രൈവിങ് ലൈസന്‍സുള്ളവരുടെ ആരോഗ്യവിവരങ്ങള്‍ ലഭ്യമാക്കാന്‍ നിലവില്‍ സംവിധാനമില്ല. മെഡിക്കല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍, ദുബൈ ഹെല്‍ത്ത് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം ആലോചിക്കുന്നുണ്ട്.

അപസ്മാരം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, മാനസികരോഗം, മറവിരോഗം, തീവ്രഘട്ടത്തിലെത്തിയ പ്രമേഹം എന്നീ അസുഖമുള്ളവര്‍ക്ക് നിലവില്‍ രാജ്യത്ത് ഡ്രൈവറായി ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല.

Related Tags :
Similar Posts