മൂന്നാമത് ഫലസ്തീന് ഫെസ്റ്റിവലിന് ഖത്തറില്‍ തുടക്കമായി
|മസ്ജിദുല്‍ അഖ്സയുടെ മാതൃകയില്‍ കതാറ കള്‍ച്ചറല്‍ വില്ലേജിലെ ബീച്ചിലാണ് പൈതൃക നഗരി ഒരുക്കിയിരിക്കുന്നത്
ഫലസ്തീന് ജനതയുടെ പൈതൃകവും പാരമ്പര്യവും ആവിഷ്കാരങ്ങളുമായി മൂന്നാമത് ഫലസ്തീന് ഫെസ്റ്റിവലിന് ഖത്തറില്‍ തുടക്കമായി. മസ്ജിദുല്‍ അഖ്സയുടെ മാതൃകയില്‍ കതാറ കള്‍ച്ചറല്‍ വില്ലേജിലെ ബീച്ചിലാണ് പൈതൃക നഗരി ഒരുക്കിയിരിക്കുന്നത്.
കതാറ ബീച്ചില്‍ ഒരുക്കിയ മസ്ജിദുല്‍ അഖ്സയുടെ മാതൃകയിലുള്ള പൈതൃക് നഗരിയാണിത്. ഫലസ്തീനികളുടെ പാരമ്പര്യ ഉത്പന്നങ്ങളും പൈതൃക വസ്തുക്കളും മുതല്‍ അധിനിവേശത്തിനെതിരായി താളം കൊട്ടുന്ന ഫലസ്തീനിയന്‍ ദബ്ക നൃത്തവും മറ്റാവിഷ്കാരങ്ങളുമായാണ് കതാറയില്‍ ഫലസ്തീന് ഫെസറ്റിവല്‍ നടക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കതാറയില്‍ തന്നെ ഫലസ്തീന് ജനതയു പൈതൃക മേള അരങ്ങേറുന്നത്. ദിവസവും വൈകുന്നേരങ്ങളില്‍ സജീവമാകുന്ന മേള സാംസ്കാരിക പടിപാടികളാല് സമ്പന്നമാണ്.
ഖത്തറിലെ ഫലസ്തീന് പ്രവാസികളൊരുക്കിയ വിവിധ പവലിയനുകളില്‍ പ്രാദേശിക വിഭവങ്ങളും ജൈവ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് വില്പ്പനക്കുള്ളത്. ഫലസ്തീനിയന്‍ പാരമ്പര്യ വേഷം മുതല്‍ ഭക്ഷ്യവിഭവങ്ങളും ഒലീവു ചില്ലകളും വരെ ഇവിടെ നിന്ന് ലഭിക്കും.
വര്‍ഷം തോറും നടന്നു വരുന്ന മേളയുടെ സംഘാടകര്‍ ഫലസ്തീന് ഖത്തര്‍ ഫ്രന്‍സ് അസോസിയേഷനാണ്. ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പുറം ലോകത്തെത്തിക്കാന്‍ ലക്ഷ്യമിടുന്ന മേള ഈ മാസം 15 വരെ നീണ്ടു നില്ക്കും.