Gulf
Gulf

കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍

Khasida
|
5 Dec 2017 7:14 AM GMT

സുരക്ഷാ പരിശോധനകള്‍ വ്യാപകമാക്കിയ നടപടി ഫലം കണ്ടു

കുവൈത്തില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കുറവുണ്ടായതായി കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ 27.6 ശതമാനം കുറവുണ്ടായതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സുരക്ഷാ പരിശോധനകള്‍ വ്യാപകമാക്കിയ നടപടി ഫലം കണ്ടതായാണ് അധികൃതരുടെ വിലയിരുത്തല്‍.

ക്രിമിനല്‍ കേസുകളില്‍ 27.6 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 20.7 ശതമാനവും ലഹരിമരുന്ന് ഉപയോഗിച്ചുള്ള മരണനിരക്കില്‍ 47.6 ശതമാനവും കുറവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്. റോഡപകടങ്ങളിലും 15% കുറവുണ്ടായിട്ടുണ്ട് ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി നടത്തിയ പരിശോധനകളാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

അതേസമയം, സൈബര്‍ കുറ്റങ്ങളുടെ കാര്യത്തില്‍ ഒരു വര്‍ഷത്തിനിടെ വര്‍ദ്ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 1461 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 3942 എണ്ണമായി വര്‍ധിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, അശ്ലീല വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യല്‍, ജനങ്ങള്‍ക്ക് അഭിമാന ക്ഷതമുണ്ടാക്കുന്ന സന്ദേശങ്ങള്‍ കൈമാറല്‍, ഭീകരവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയ കേസുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇലക്ട്രോണിക് മീഡിയ ദുരുപയോഗം കൂടിവരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സൈബര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Posts