ഒമാനില്‍ കനത്ത മഴ: രണ്ട് മരണം
|അറബിക്കടലില്‍ രൂപം കൊണ്ട മര്‍ദത്തെ തുടര്‍ന്ന് ഒമാനിലും യുഎഇയിലും ശക്തമായ മഴ തുടരുന്നു.
അറബിക്കടലില്‍ രൂപം കൊണ്ട മര്‍ദത്തെ തുടര്‍ന്ന് ഒമാനിലും യുഎഇയിലും ശക്തമായ മഴ തുടരുന്നു. ഒമാനില്‍ രണ്ട് പേര് ഒഴുക്കില്‍ പെട്ട് മരിച്ചു.
മൂന്ന് ദിവസമായി തുടരുന്ന മഴ ഒമാനില്‍ പലയിടത്തും കനത്ത നാശം വിതച്ചു. മസ്കത്ത് ഗവര്‍ണറേറ്റ് അടക്കം വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി. ഇടിമിന്നലിന്റെ അകമ്പടിയോടെ തകര്‍ത്തുപെയ്ത മഴയില്‍ പലയിടത്തും വെള്ളം പൊങ്ങി. പ്രധാന റോഡുകളിലടക്കം ഗതാഗതം തടസപ്പെട്ടു. മുദൈബി വിലായത്തിലെ വാദി കബ്ബാറയില് തിങ്കളാഴ്ച ഒഴുക്കില്‍ പെട്ട സ്വദേശിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ കണ്ടെടുത്തു. ഇതോടെ ഒഴുക്കില്‍ പെട്ടുള്ള മരണം രണ്ടായി.
മിന്നലിനെ തുടര്‍ന്നും മരം വീണും പലയിടത്തും വൈദ്യുതി തടസപ്പെട്ടു. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. റുസ്താഖ്, സുവൈഖ്, ഖദറ, ബിദായ, മുസന്ന, മബേല, മസ്കത്ത്, റൂവി, മത്ര മുസന്ന തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, മസ്കത്ത് ഗവര്‍ണറേറ്റുകളുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസ്വ, ഇസ്കി, ഇബ്ര തുടങ്ങി ദാഖിലിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളിലും മഴ തുടരുകയാണ്.
യുഎഇയിലെ ദുബൈ, ഫുജൈറ, അല്‍ഐന്‍ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. അല്‍ഐനില്‍ കാറ്റില്‍ പലയിടത്തും നാശനഷ്ടമുണ്ടായി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.