ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി
|വസ്തുവിന്റെ മൂല്യം കൊമേഴ്സ്യൽ രജിസ്റ്ററിൽ കാണിച്ചിരിക്കുന്ന കമ്പനിയുടെ മൂലധനത്തോട് പൊരുത്തമുള്ളതായിരിക്കണം
ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം കർക്കശമാക്കി ഭവന വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിൻ മുഹമ്മദ് അൽ ഷബീബി ഉത്തരവിട്ടു. സ്വദേശികളുടെയും ജി.സി.സി പൗരൻമാരുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് രാജ്യത്തെ നിയമം അനുശാസിക്കുന്ന പ്രവർത്തനത്തിനാവശ്യമായ ഭൂമിയും വസ്തുവകകളുമാണ് കൈവശം വെക്കാൻ അനുമതിയുണ്ടാവുകയുള്ളൂവെന്ന് ഉത്തരവിൽ ചൂണ്ടികാണിക്കുന്നു.
വസ്തുവിന്റെ മൂല്യം കൊമേഴ്സ്യൽ രജിസ്റ്ററിൽ കാണിച്ചിരിക്കുന്ന കമ്പനിയുടെ മൂലധനത്തോട് പൊരുത്തമുള്ളതായിരിക്കണം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, വെയർഹൗസുകൾ, തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള സ്ഥലത്തിന് മാത്രമാകും ഉടമസ്ഥതാവകാശം ബാധകം. കീഴിലുള്ള സ്ഥലം പദ്ധതിക്ക് യഥാർഥത്തിൽ വേണ്ടതിലും അധികമാവുകയും ചെയ്യരുത്. പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തെ മാത്രം വസ്തുക്കൾക്കായിരിക്കും കമ്പനിയുടെ ഉടമസഥാവകാശം ബാധകം. ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത പത്തിൽ കുറയാത്ത തൊഴിലാളികൾ കമ്പനിക്ക് ഉണ്ടായിരിക്കുകയും വേണം. മറിച്ചുവിറ്റ് ലാഭം നേടുകയെന്ന ഉദ്ദേശ്യത്തോടെയാകരുത് വസ്തു സ്വന്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത് നാലുവർഷം പിന്നിടാതെ ഭൂമി കൈമാറ്റം ചെയ്യുന്നത് അനുവദനീയമായിരിക്കില്ല. എന്ത് ആവശ്യം കാണിച്ചാണോ ഭൂമി സ്വന്തമാക്കിയത് ആ പ്രവർത്തനങ്ങൾ നടത്താതെ ഭൂമി കൈമാറുന്നത് അനുവദനീയമായിരിക്കില്ല. കമ്പനികൾ സ്ഥലങ്ങൾ മൂന്നാം കക്ഷികൾക്ക് പാട്ടത്തിന് നൽകരുതെന്നും രണ്ടാം ഖണ്ഡികയിൽ വ്യവസ്ഥ ചെയ്യുന്നു. ടൂറിസം പദ്ധതികൾക്കായുള്ള സ്ഥലങ്ങൾക്ക് മാത്രമേ ഈ വ്യവസ്ഥയിൽ നിന്ന് ഇളവുണ്ടായിരിക്കുകയുള്ളൂ.