Gulf
ദുബൈയില്‍ ഇനി പാസ്‍പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ കിട്ടുംദുബൈയില്‍ ഇനി പാസ്‍പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ കിട്ടും
Gulf

ദുബൈയില്‍ ഇനി പാസ്‍പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ കിട്ടും

admin
|
22 Dec 2017 4:32 PM GMT

അപേക്ഷ സമര്‍പ്പിച്ച് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാസ്‍പോര്‍ട്ട് അനുവദിക്കാന്‍ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

പാസ്‍പോര്‍ട്ട് സേവനം സംബന്ധിച്ച കാലതാമസം പൂര്‍ണമായും പരിഹരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപേക്ഷ സമര്‍പ്പിച്ച് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാസ്‍പോര്‍ട്ട് അനുവദിക്കാന്‍ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

പിന്നിട്ട ഒരു മാസത്തിനുള്ളില്‍ 35,000 പാസ്‍പോര്‍ട്ടുകളാണ് നടപടി പൂര്‍ത്തിയാക്കി വിതരണം ചെയ്തതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ അറിയിച്ചു. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്നാണ് ഇത്രയേറെ പാസ്പോര്‍ട്ടുകള്‍ ഒരുമിച്ച് നല്‍കേണ്ടി വന്നത്. പാസ്പോര്‍ട്ട് ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു രൂപപ്പെട്ടത്. ഇതു സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന നയതന്ത്ര കേന്ദ്രം കൂടിയാണ് ദുബൈ കോണ്‍സുലേറ്റ്. ഏതായാലും 5 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ടുകള്‍ അനുവദിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. ഈ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ 45 ദിവസം വരെ സമയമെടുത്തിരുന്ന നടപടികളാണ് ഇപ്പോള്‍ വേഗത്തിലായതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായി യുഎഇയില്‍ രണ്ടു മാസത്തിനകം പുതിയ ഔട്ട്സോഴ്സിങ് സേവന വിഭാഗം വരും. നേരത്തെ, ടെണ്ടര്‍ ക്ഷണിച്ചത് പ്രകാരം ലഭിച്ച അപേക്ഷകളില്‍ അവസാനവട്ട പരിശോധനകള്‍ നടക്കുകയാണെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

Similar Posts