കുവൈത്തിൽ വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കണമെന്നു നിര്‍ദ്ദേശം
|എക്സിറ്റ് പെർമിറ്റ് ജനസംഖ്യാ ക്രമീകരണത്തിനു സഹായകമാകുമെന്നും വിശദീകരണം
കുവൈത്തിൽ വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കണമെന്നു കരട് നിർദേശം. മാൻപവർ അതോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി കൂടാതെ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളെ നാടുവിടാൻ അനുവദിക്കരുതെന്നാണ് നിർദേശം. എക്സിറ്റ് പെർമിറ്റ് ജനസംഖ്യാ ക്രമീകരണത്തിനു സഹായകമാകുമെന്നും വിശദീകരണം.
ഡോ. വലീദ് അൽ തബ്തബാഇ എംപിയാണ് കരട് നിർദേശം സമർപ്പിച്ചത് . ഗാർഹിക മേഖലകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ മുഴുവൻ വിദേശികൾക്കും രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ പ്രത്യേക അനുമതി പത്രം വേണമെന്നാണ് നിർദേശം നിലവിൽ സർക്കാർ മേഖലകളിലെ വിദേശ ജീവനക്കാർക്ക് മാത്രമാണ് രാജ്യത്തുനിന്ന് പുറത്തേക്ക് പോകണമെങ്കിൽ മന്ത്രാലത്തിന്റെ പ്രത്യേക അനുമതി പത്രം സമർപ്പിക്കണമെന്ന നിബന്ധനയുള്ളത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ മാൻ പവർ അതോറിറ്റിയുടെ അനുമതി പത്രം ഉണ്ടെങ്കിൽ മാത്രം രാജ്യം വിടാൻ അനുവദിക്കുന്ന രീതിയിൽ നിയമനിർമാണം നടത്തണമെന്നു നിർദേശത്തിൽ പറയുന്നു . ഗാർഹിക തൊഴിലാളികൾക്കാണെങ്കിൽ സ്പോൺസറുടെ അനുമതിക്ക് പുറമെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. ഏതെല്ലാം മേഖലകളിൽനിന്ന് എത്രയെല്ലാം വിദേശികൾ നാട്ടിലേക്ക് പോകുന്നുണ്ടെന്നറിയാനും രാജ്യത്തുള്ള വിദേശികളുടെ കൃത്യമായ കണക്ക് ലഭിക്കാനും ഇത് സഹായിക്കുമെന്നും . ജനസംഖ്യാ- തൊഴിൽ വിപണികളിൽ ക്രമീകരണം വരുത്തണമെങ്കിൽ രാജ്യത്തുള്ള വിദേശികളെ സംബന്ധിച്ച കൃത്യമായ വിവരം ഉണ്ടായിരിക്കണമെന്നും തബ്തബാഇ പറഞ്ഞു.