Gulf
സോളാര്‍ ഇംപള്‍സിനെ വരവേല്‍ക്കാനൊരുങ്ങി അബൂദബിസോളാര്‍ ഇംപള്‍സിനെ വരവേല്‍ക്കാനൊരുങ്ങി അബൂദബി
Gulf

സോളാര്‍ ഇംപള്‍സിനെ വരവേല്‍ക്കാനൊരുങ്ങി അബൂദബി

Jaisy
|
12 Jan 2018 10:11 AM GMT

ചൊവ്വാഴ്ച അബൂദബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ തിരിച്ചത്തെുമെന്നാണ് കരുതുന്നത്

സൌരോര്‍ജം ഉപയോഗിച്ച് ലോകം ചുറ്റുന്ന ചെറുവിമാനം സോളാര്‍ ഇംപള്‍സ് രണ്ടിനെ വരവേല്‍ക്കാനൊരുങ്ങി അബൂദബി. ഞായറാഴ്ച പുലര്‍ച്ചെ ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച അബൂദബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ തിരിച്ചത്തെുമെന്നാണ് കരുതുന്നത്.

സൗരോര്‍ജത്തില്‍ ലോകം പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയസോളാര്‍ ഇംപള്‍സ് രണ്ടിന്റെ തിരിച്ചുവരവ് ആഘോഷിക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് അബൂദബി നഗരം. സോളാര്‍ ഇംപള്‍സ് കമ്പനിയുടെ ചെയര്‍മാനും പൈലറ്റുമായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് നിയന്ത്രിക്കുന്ന വിമാനം 48 മണിക്കൂറിലധികം സഞ്ചരിച്ചാണ് ഈജിപ്തില്‍ നിന്ന് അബൂദബിയില്‍ എത്തിച്ചേരുക.

വിമാനത്തിന്റെ പതിനേഴാമത്തേതും അവസാനത്തേതുമായ ഈ യാത്രക്ക് 2,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. സൗദി അറേബ്യന്‍ അന്തരീക്ഷത്തിലുള്ള ഉഷ്ണ തരംഗം ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും ഈജിപ്തിനും അബൂദബിക്കും ഇടയില്‍ അനുകൂല കാലാവസ്ഥയാണുള്ളതെന്ന് യാത്രക്കിടെ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് അറിയിച്ചു. ദൗത്യം പ്രയാസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 മാര്‍ച്ചിലാണ് വിമാനം അബൂദബിയില്‍നിന്ന് ലോകസഞ്ചാരത്തിനിറങ്ങിയത്. ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മടക്കം. 500 മണിക്കൂറുകള്‍ പറന്നാണ് വിമാനം ആതിഥേയ രാജ്യമായ അബൂദബിയില്‍ വീണ്ടുമെത്തുന്നത്. 9,000 മീറ്ററായിരുന്നു വിമാനം പറന്ന ഏറ്റവും കൂടിയ ഉയരം. മണിക്കൂറില്‍ 45നും 90നും ഇടയില്‍ വേഗതയിലായിരുന്നു സഞ്ചാരം. ഇതിനകം 19 ലോക റെക്കോര്‍ഡുകളാണ് സോളാര്‍ ഇംപള്‍സ് സ്വന്തമാക്കിത്. ശാന്തസമുദ്രത്തിന് മുകളില്‍ രാവും പകലും തുടര്‍ച്ചയായി അഞ്ച് ദിവസങ്ങള്‍ പറന്നതാണ് റെക്കോര്‍ഡുകളില്‍ ഏറ്റവും പ്രധാനം.

Similar Posts