Gulf
ബ്രിട്ടീഷ് ജനവിധി: ആശങ്കയോടെ ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളുംബ്രിട്ടീഷ് ജനവിധി: ആശങ്കയോടെ ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളും
Gulf

ബ്രിട്ടീഷ് ജനവിധി: ആശങ്കയോടെ ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളും

Alwyn K Jose
|
12 Jan 2018 1:38 PM GMT

എണ്ണവില തകര്‍ച്ച മൂലം പ്രതിസന്ധിയിലായ ഗള്‍ഫ് സമ്പദ് ഘടനക്ക് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ വിടുതല്‍, ടൂറിസം - റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാകും.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിച്ചതോടെ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളും. എണ്ണവില തകര്‍ച്ച മൂലം പ്രതിസന്ധിയിലായ ഗള്‍ഫ് സമ്പദ് ഘടനക്ക് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ വിടുതല്‍, ടൂറിസം - റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാകും. എന്നാല്‍ ബ്രിട്ടനും ജിസിസി രാജ്യങ്ങളും തമ്മില്‍ രൂപപ്പെടുന്ന സ്വതന്ത്ര വാണിജ്യ കരാറുകള്‍ മേഖലക്ക് മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

ബ്രിട്ടന്‍ ജനതയുടെ തീരുമാനം വന്നതോടെ ആഗോള വിപണിയില്‍ എണ്ണവില നാലു ശതമാനത്തോളം ഇടിഞ്ഞു. ലോകത്തുടനീളം ഓഹരി വിപണികളില്‍ വന്ന ഇടിവാകട്ടെ, ആശങ്കയോടെയാണ് ഗള്‍ഫ് നിക്ഷേപകരും നോക്കി കാണുന്നത്. ബ്രിട്ടീഷ് പൗണ്ടും ഓഹരിയും രൂപയും ഇടിഞ്ഞതിന്റെ പ്രത്യാഘാതം എത്രകണ്ട് തങ്ങളെ ബാധിക്കുമെന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി നേതൃത്വം ഉത്കണ്ഠയോടെയാണ് വിലയിരുത്തുന്നത്.

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും പ്രധാനമാണ്. ലോകത്തെ അഞ്ചാമത് മികച്ച സമ്പദ് ഘടനയുള്ള ബ്രിട്ടനില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍തോതില്‍ നിക്ഷേപമുണ്ട്. പൗണ്ടിന്റെ മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടതിന്റെ ആഘാതം ഗള്‍ഫ് നിക്ഷേപകരുടെയും ഉറക്കം കെടുത്തും. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഉയര്‍ത്തും. ഇത് ഇന്ത്യക്ക് കുറച്ചൊക്കെ തുണയാകും. ഒരു ദിര്‍ഹമിന്18 രൂപ 51 പൈസ എന്നതായിരുന്നു രാവിലെയുള്ള നിരക്ക്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇനിയും ഇടിയാനാണ് സാധ്യതയെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആഗസ്റ്റിനുശേഷം രൂപ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഇടിവ് താല്‍ക്കാലിക നേട്ടമാകുമെങ്കിലും ബ്രെക്സിറ്റിന്റെ ഭാവി പ്രത്യാഘാതങ്ങള്‍ ഗള്‍ഫിനു മാത്രമല്ല, പ്രവാസികള്‍ക്കും അത്ര ഗുണകരമാകുമെന്ന് കരുതാനാകില്ല.

Similar Posts