മസ്ജിദുല്‍ ഹറാമും പരിസരവും നിരീക്ഷിക്കാന്‍ നൂതന സംവിധാനങ്ങള്‍
|മക്കയിലും മദീനയിലും മറ്റു പുണ്യ സ്ഥലങ്ങളിലും വാന നിരീക്ഷണം ശക്തമാക്കുമെന്ന് മേഖല സുരക്ഷ മേധാവി അറിയിച്ചു
മക്കയിലെ മസ്ജിദുല്‍ ഹറാമും പരിസരവും നിരീക്ഷിക്കാന്‍ നൂതന സംവിധാനങ്ങള്‍. മക്കയിലും മദീനയിലും മറ്റു പുണ്യ സ്ഥലങ്ങളിലും വാന നിരീക്ഷണം ശക്തമാക്കുമെന്ന് മേഖല സുരക്ഷ മേധാവി അറിയിച്ചു.
മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് മക്കയിലെ മസ്ജിദുല്‍ ഹറാമും പരിസരങ്ങളും നിരീക്ഷിക്കുന്നതിന് നൂതനമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഹറം മേഖല ഹജ്ജ് സുരക്ഷ മേധാവി കേണല്‍ സഊദ് അല്‍ഖുലൈവി പറഞ്ഞു. ഹറം പ്രത്യേക സുരക്ഷ സേന ഹജ്ജ് വേളയില്‍ പഴുതടച്ച സുരക്ഷ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഹറം സുരക്ഷ നിരീക്ഷണ ഓഫീസില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കാമറാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ പള്ളിയുടെ മുഴുവന്‍ നിലകളും ഉള് ഭാഗങ്ങളും മുറ്റങ്ങളും മുഴുസമയം നിരീക്ഷിക്കാന്‍ കഴിയും. വിദഗ്ദ പരിശീലനം നേടിയ സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിരീക്ഷണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചുമുള്ള തീര്‍ഥാടകരുടെ പോക്കുവരവുകള്‍ മുഴുസമയം നിരീക്ഷിച്ചുവരികയാണെന്നും ഹറം സുരക്ഷ മേധാവി പറഞ്ഞു. തിരക്ക് വര്‍ധിക്കുന്നതോടെ കിങ് അബ്ദുല്ല ഹറം വികസന പദ്ധതിയുടെ ഭാഗമായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് തീര്‍ഥാടകരെ തിരിച്ചുവിടും.
മക്കയിലും മദീനയിലും എലികോപളറ്ററുപയോഗിച്ചുള്ള വാന സുരക്ഷാ നിരീക്ഷണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ആഭ്യന്തര വകുപ്പിന് കീഴിലാണ് വാന സുരക്ഷ നിരീക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ വരവ് കൂടുന്നതോടെ വരുംദിവസങ്ങളില്‍ മക്കയിലും മദീനയിലും ഇത് നടപ്പില്‍ വരുത്തുമെന്ന് സുരക്ഷ ചുമതലയുള്ള ജനറല്‍ ക്യാപ്റ്റന്‍ കേണല്‍ മുഹമ്മദ് ഈദ് അല്‍ഹര്‍ബി പറഞ്ഞു. ഇതിനായി മക്ക, മദീന, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ ഹെലിപാഡുകള്‍ പ്രവര്‍ത്തന സജ്ജമായതായും അദ്ദേഹം പറഞ്ഞു.
തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫിലും പരമാവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ 30,000 ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതാഫ് ഈ ഹജ്ജ്വേളയില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനാകും. സഫ മര്‍വയുടെ വികസനത്തിന്റെ ഭാഗമായി പണിത പുതിയ ഏരിയകളും തീര്‍ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും ഹറം മേഖല ഹജ്ജ് സുരക്ഷ മേധാവി പറഞ്ഞു.