കുവൈത്ത് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് വിദേശ അധ്യാപകരെ നിയമിക്കാന്‍ ധാരണ
|കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പഠിപ്പിക്കാന്‍ വിദേശത്തുനിന്നുള്ള 530 അധ്യാപകരെ കൊണ്ടുവരാന്‍ അധികൃതര്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പഠിപ്പിക്കാന്‍ വിദേശത്തുനിന്നുള്ള 530 അധ്യാപകരെ കൊണ്ടുവരാന്‍ അധികൃതര്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പ്രൈമറി തലം മുതല്‍ സെക്കണ്ടറി തലംവരെയുള്ള മേഖലകളിലായിരിക്കും പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവരെ നിയമിക്കുക.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഖൈസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016/ 2017 അധ്യയന വര്‍ഷാരംഭം മുതല്‍ ജോര്‍ദന്‍, ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇത്രയും അധ്യാപകരെ വിവിധ സ്കൂളുകളിലായി നിയമിക്കുക. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഫലസ്തീനില്‍നിന്നുള്ള അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചതിന് പുറമെയാണിത്. യോഗ്യതയുടെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ പ്രൈമറി തലം മുതല്‍ സെക്കണ്ടറി തലംവരെയുള്ള മേഖലകളിലായിരിക്കും പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവരെ നിയമിക്കുക. ഇവര്‍ക്കുള്ള പ്രവേശ വിസകള്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളിലേക്ക് ഉടന്‍ അയക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.