ലോക കേരള സഭാ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പിനെ ചൊല്ലി ആക്ഷേപം
|അർഹരായ പലരെയും ഉൾപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയ കക്ഷികൾക്കിടയിലെ വീതംവെപ്പാണ് നടന്നതെന്നാണ് പ്രധാന ആരോപണം.
ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിന് അംഗങ്ങളെ തെരഞ്ഞെടുത്തതിനെ ചൊല്ലി ആക്ഷേപം ശക്തം. അർഹരായ പലരെയും ഉൾപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയ കക്ഷികൾക്കിടയിലെ വീതംവെപ്പാണ് നടന്നതെന്നാണ് പ്രധാന ആരോപണം. പ്രവാസലോകത്തു നിന്നുള്ള സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം ലഭിച്ചില്ല.
പ്രവാസി പ്രശ്നങ്ങൾ കൂട്ടായി ചർച്ച ചെയ്യാനുള്ള ഏറ്റവും മികച്ച വേദി എന്ന നിലക്ക് ലോക കേരള സഭയെ വർധിച്ച താൽപര്യത്തോടെയാണ് പ്രവാസികൾ നോക്കിക്കണ്ടത്. എന്നാൽ രാഷ്ട്രീയ പക്ഷപാതിത്വം അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രകടമാണെന്ന കുറ്റപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകർ രംഗത്തു വന്നു. പേരിന് ചില സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം അംഗങ്ങളും ഭരണമുന്നണിയോട് ചേർന്നു നിൽക്കുന്നവരാണ്.
അപേക്ഷ ക്ഷണിച്ചതും തെരഞ്ഞെടുപ്പ് നടത്തിയതും ഒട്ടും സുതാര്യതയില്ലാതെ ആയതും വലിയ പോരായ്മയായി. ഇതിനായി ആരംഭിച്ച വെബ്സൈറ്റില് അപേക്ഷ ക്ഷണിച്ച വിവരം പോലും പല പ്രവാസി സാമൂഹിക പ്രവർത്തകരും സംഘടനകളും അറിയുന്നത് അംഗങ്ങളുടെ പട്ടിക പുറത്തുവരാൻ തുടങ്ങിയതോടെയാണ്. അപേക്ഷാ തീയതി നീട്ടണമെന്നഭ്യർഥിച്ച് കൂട്ടായ്മകൾ മുന്നോട്ടുവന്നത് സർക്കാർ പരിഗണിച്ചില്ല. വനിതകളുടെ പ്രതിനിധികൾ തീരെ കുറഞ്ഞത് ഏറെ നിരാശക്കിടയാക്കി. നടി ആശാ ശരത്ത്, മെറീന ജോസ് എന്നിവർ മാത്രമാണ് ഗൾഫ് മേഖലയിൽ നിന്നുള്ള വനിതാ പ്രതിനിധികൾ.
പ്രവാസം ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരുന്ന നിലവിലെ സാഹചര്യത്തിൽ കുറേക്കൂടി മൂർത്തമായ നടപടികളാണ് ലോക കേരള സഭയിൽ നിന്ന് പ്രവാസലോകം കാത്തിരിക്കുന്നത്.