ഖത്തറില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്നവിശ്രമം നാളെ മുതല്‍
|പകല്‍ സമയങ്ങളില്‍ 11.30 മുതല്‍ 3 മണി വരെ തുറസ്സായ സ്ഥലത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം
ഖത്തറില്‍ നാളെ മുതല്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്നവിശ്രമം നിലവില്‍ വരും. പകല്‍ സമയങ്ങളില്‍ 11.30 മുതല്‍ 3 മണി വരെ തുറസ്സായ സ്ഥലത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാന്‍ തൊഴില്‍ സാമൂഹികകാര്യ വകുപ്പ് ഉത്തരവിട്ടു. ആഗസ്റ്റ് 31 വരെ പകല്‍ 5 മണിക്കൂറിലധികം തൊഴിലെടുപ്പിക്കാന്‍ പാടില്ല.
2007ലെ ഉത്തരവിന്റെ ഭാഗമായാണ് ഖത്തറില്‍ തൊഴില്‍ സാമൂഹ്യകാര്യ വകുപ്പ് തൊഴിലാളികള്‍ക്ക് വിശ്രമസമയം നടപ്പാക്കുന്നത്. നാളെ മുതല്‍ ആഗസ്ത് 31 വരെ തുറസായ സ്ഥലത്ത് രാവിലെ അഞ്ച് മണിക്കൂറിലധികം തൊഴിലെടുപ്പിക്കാന്‍ പാടില്ല. രാവിലെ 11.30 വരെ മാത്രമേ തൊഴില്‍ പാടുള്ളൂ എന്നും ഉത്തരവിലുണ്ട്. വൈകുന്നേരത്തെ തൊഴില്‍ സമയം, മൂന്ന് മണിക്ക് ശേഷമായിരിക്കും. മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന പ്രവൃത്തി സമയം കാണിക്കുന്ന നോട്ടീസ് തൊഴിലിടങ്ങളില്‍ പതിക്കണം. മന്ത്രാലയത്തിന്റെ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടത്തെിയാല്‍ കമ്പനി കുറഞ്ഞത് ഒരു മാസത്തേക്ക് പൂട്ടിയിടുമെന്നും മുന്നറിയിപ്പ് നല്‍കി.
ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനല്‍ ചൂടിനൊപ്പം റമദാന്‍ വ്രതവും ആരംഭിച്ചതോടെ ഉച്ചവിശ്രമം അനുവദിച്ചു കൊണ്ടുള്ള മന്ത്രാലയ ഉത്തരവ് രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകും.