ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് മിഷന്റെ ബ്രാഞ്ച് ഓഫീസുകളില്‍ നിന്നും സിം കാര്‍ഡ്
|വിരലടയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് സൌദിയിലെത്തുന്ന ഹാജിമാര്‍ക്ക് സിം കാര്‍ഡ് ലഭിക്കാത്തത് ഏറെ പ്രയാസമുണ്ടായിരുന്നു
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് മിഷന്റെ ബ്രാഞ്ച് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനികളുടെ കിയോസ്കുകളില്‍ നിന്നും സിം കാര്‍ഡുകള്‍ ലഭിക്കും. വിരലടയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് സൌദിയിലെത്തുന്ന ഹാജിമാര്‍ക്ക് സിം കാര്‍ഡ് ലഭിക്കാത്തത് ഏറെ പ്രയാസമുണ്ടായിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ സൌദിയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ ലഭിക്കുന്നതിന് കഴിഞ്ഞ മാസം മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു. അതിനാല്‍ മുന്‍ വര്‍ഷങ്ങളെ പോലെ ഹാജിമാര്‍ക്ക് നാട്ടില്‍ നിന്ന് സിംകാര്‍ഡുകള്‍ നല്കാന് സാധിച്ചിരുന്നില്ല. റൂമുകളില്‍ എത്തുന്നതിന് മുന്‍പ് പാസ്പോര്‍ട്ട് മുതവ്വിഫ് അധികൃതര്‍ക്ക് കൈമാറുന്നതിനാല്‍ മൊബൈല്‍ കടകളിലെത്തി വിരലടയാളം നല്കി സിം കാര്‍ഡ് എടുക്കാനും ഹാജിമാര്‍ക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ഹജ്ജ് മിഷന് അധികൃതര്‍ വിവിധ മന്ത്രാലയങ്ങളുമായും മൊബൈല്‍ കമ്പനികളുമായും
നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സിം കാര്‍ഡ് ലഭ്യമാക്കി തുടങ്ങിയത്.
വിമാനത്താവളത്തില്‍ നിന്നും ലഭിക്കുന്ന എൻട്രി നമ്പറും വിരലടയാളവും നല്കിയാല് സിംകാര്‍ഡ് ലഭിക്കും. എന്‍ട്രി നമ്പര്‍ ഉപയോഗിച്ച് തന്നെ റീചാർജ് ചെയ്യാനും സാധിക്കും. വിവിധ കമ്പനികള്‍ സംസാര സമയത്തിനും ഇന്റര്‍നെറ്റിനും മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി സിം രജിസ്ട്രേഷന് കൂടുതല്‍ സമയമെടുക്കുന്നത് സിംകാര്‍ഡ് ലഭിക്കാന്‍ തീര്‍ഥാടകര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു.