കുവൈത്തില്‍ പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാനൊരുങ്ങുന്നു
|കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മെഡിക്കല്‍ പരിശോധന സംബന്ധിച്ച് ചര്‍ച്ച നടന്നാതായാണ് സൂചന
കുവൈത്തില്‍ പ്രവാസികള്‍ ഓരോ പ്രാവശ്യവും അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മെഡിക്കല്‍ പരിശോധന സംബന്ധിച്ച് ചര്‍ച്ച നടന്നാതായാണ് സൂചന. 18 ാം നമ്പര്‍ ഷുഊണ്‍ ഇഖാമ, 17ാം നമ്പര്‍ സര്‍ക്കാര്‍ വിസ, 22ാം നമ്പര്‍ ആശ്രിത വിസ എന്നിവയിലുള്ളവരെയെല്ലാം ഈ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് നീക്കം. സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 20ാം നമ്പര്‍ ഗാര്‍ഹിക വിസക്കാരെയും അവധിക്ക് പോയിവരുമ്പോള്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഭാവിയില്‍ പരിഗണിക്കാനും നീക്കമുണ്ട്. മലമ്പനി ഉള്‍പ്പെടെ മാരകമായ പകര്‍ച്ച പനികള്‍, പ്ളേഗ്, വസൂരി, ക്ഷയം, എയ്ഡ്സ് പോലുള്ള മറ്റ് അസുഖങ്ങള്‍ എന്നിവയുമായി രാജ്യത്തത്തെുന്നതും രാജ്യത്തായിരിക്കെ ഇത്തരം രോഗബാധയുണ്ടോയെന്ന് ഉറപ്പ്വരുത്തുന്നതിന്റെയും ഭാഗമായാണ് ഈ മെഡിക്കല്‍ പരിശോധന ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ആര്‍ട്ടിക്ക്ള്‍ 17, 18, 22 എന്നീ ഇഖാമകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മറ്റ് വിദേശികളുമായും പൊതുജനങ്ങളുമായും ഇടകലര്‍ന്ന് ജോലി ചെയ്യേണ്ട സാഹചര്യം കൂടുതലാണ്. ഇത് രോഗബാധിതരായ ആളുകളില്‍നിന്ന് ഇത്തരം വൈറസുകള്‍ പടരാനുള്ള സാധ്യത കൂട്ടുന്നതുകൊണ്ടാണ് ഈ ഗണത്തില്‍പ്പെട്ട ഇഖാമയുള്ളവരെ തുടക്കത്തില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ഗണത്തില്‍പ്പെട്ട ഇഖാമയിലുള്ള വിദേശികളെ അപേക്ഷിച്ച് സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പൊതുജനങ്ങളുമായുള്ള ഇടപഴക്കം കുറവാണെന്നാണ് വിലയിരുത്തല്‍. അതേസമയം, ഈ നിയമത്തിന്‍െറ പരിധിയില്‍ ഏതെല്ലാം അറബ്- ഏഷ്യന്‍ രാജ്യക്കാരെ ഉള്‍പ്പെടുത്തണമെന്നതിനെ കുറിച്ചും മെഡിക്കല്‍ പരിശോധന ഫലപ്രദമായി എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ചും ഇരു മന്ത്രാലയങ്ങളുടെയും സംയുക്തയോഗം ഉടന്‍ നടക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
വിമാനത്താവളം, തുറമുഖങ്ങള്‍, അതിര്‍ത്തി കവാടങ്ങള്‍ തുടങ്ങി എല്ലായിടത്തും പ്രത്യേക മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് രാജ്യത്തിന് പുറത്തേക്ക് പോകുന്ന വിദേശികളെയും വരുന്നവരെയും മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുകയാണ് ചെയ്യുക. ഈ പരിശോധനയില്‍ മാരകമായ രോഗബാധിതരാണെന്ന് കണ്ടത്തെുകയാണെങ്കില്‍ അത്തരക്കാരെ ഉടന്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുക. വിദേശികളുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍വരുകയാണെങ്കില്‍ ഇന്ത്യക്കാരുള്‍പ്പെടെ എല്ലാ വിദേശികള്‍ക്കും എത്ര കുറഞ്ഞ അവധിക്കാണെങ്കിലും നാട്ടില്‍ പോകുകയാണെങ്കില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാകേണ്ടിവരും. രാജ്യത്തെ വിദേശികളില്‍ കൂടുതലും 18 ാം നമ്പര്‍ ഷുഊണ്‍ വിസയിലുള്ളവരായതിനാല്‍ മലയാളികളുള്‍പ്പെടെ എല്ലാവരും ഈ നിയമത്തിന്റെ പരിധിയില്‍ വരാനാണ് സാധ്യത.