ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് തൽക്കാലികമായി നിർത്തിവെച്ചു
|റിക്രൂട്ട്മെന്റ് നടപടികൾക്കായി ഇന്ത്യയിലെത്തിയ കമ്പനി പ്രതിനിധികളും ഇന്ത്യൻ ഏജൻസികളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതാണ് കാരണം
കുവൈത്തിലെ അൽ ദുർറ കമ്പനിയും മറ്റു ഏജൻസികളും ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു. റിക്രൂട്ട്മെന്റ് നടപടികൾക്കായി ഇന്ത്യയിലെത്തിയ കമ്പനി പ്രതിനിധികളും ഇന്ത്യൻ ഏജൻസികളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതാണ് കാരണം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് ഗാർഹിക ജോലിക്കാരെ കൊണ്ട് വരില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
കുറഞ്ഞ ചെലവിൽ വീട്ടുജോലിക്കാരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് സർക്കാർ രൂപം നൽകിയ അൽ ദുർറ റിക്രൂട്ടിങ് കമ്പനി കഴിഞ്ഞ മാസം മുതലാണ് പ്രവർത്തനം തുടങ്ങിയത് .റിക്രൂട്ടിംഗിനായി അൽ ദുർറ കമ്പനിയുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും ഇന്ത്യയിലെ ഏജൻസികൾ കരാർ ഒപ്പിടാൻ വിസമ്മതിച്ചതോടെ നടപടികൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അൽ ദുർറ കമ്പനിയും ഇന്ത്യൻ അധികൃതരും ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ വനിതകളെ ഗാർഹികത്തൊഴിലിന് വിദേശത്തേക്ക് അയക്കുന്നതിനോട് ഇന്ത്യ ഗവണ്മെന്റിനുള്ള അനുകൂലമല്ലാത്ത നിലപാടാണുള്ളത് ഇത് മൂലം ചർച്ചകൾ ഫലം കണ്ടില്ലെന്നാണ് സൂചന . ഗാർഹികത്തൊഴിലാളി വനിതകളുടെ സംരക്ഷണം സംബന്ധിച്ചു വ്യക്തമായ നിലപാട് ഉണ്ടാകുന്നതുവരെ കൂടുതൽപേരെ ഈ മേഖലയിൽ തൊഴിലിനായി അയക്കേണ്ടതില്ലെന്നാണ് ഇന്ത്യൻ നിലപാട് . ഇന്ത്യയിൽ നിന്നുള്ള വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു . ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ കുവൈത്ത് വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ ഈ കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾക്കു ബാങ്ക് ഗ്യാരണ്ടി നിര്ബന്ധമാക്കിയതിനെ തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി നിലച്ച റിക്രൂട്ട്മെന്റ് കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത് . എംബസ്സി ബാങ്ക് ഗ്യാരന്റി നിബന്ധന പിൻവലിച്ചതോടെയാണ് ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികൾക്കു കുവൈത്ത്വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത് .