പി.വി അന്‍വറിനായി ജിദ്ദയില്‍ അവസാനവട്ട പ്രചാരണങ്ങളുമായി സഹോദരന്
|നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങള്‍ അവസാനിക്കുമ്പോള്‍ കടലിനക്കരെ സ്വന്തം സഹോദരന്റെ വിജയത്തിനായി അവസാന വട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ജിദ്ദയിലെ പി. വി. അഷ്റഫ്.
നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങള്‍ അവസാനിക്കുമ്പോള്‍ കടലിനക്കരെ സ്വന്തം സഹോദരന്റെ വിജയത്തിനായി അവസാന വട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ജിദ്ദയിലെ പി. വി. അഷ്റഫ്. ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ ജനവിധി തേടുന്ന പി.വി അന്‍വറിന്റെ സഹോദരനായ ഇദ്ദേഹത്തിന് സഹോദരന് വിജയിക്കുമെന്ന കാര്യത്തില്‍ സംശയം ഒട്ടുമേയില്ല.
ജിദ്ദയില്‍ ഷിപ്പിങ്ങ് കമ്പനിയില്‍ റീജിയണല്‍ മാനേജറും എം.ഇ.എസ് ജിദ്ദ ഘടകം പ്രസിഡന്റുമാണ് പി. വി. അഷ്റഫ്. അന്‍വറുള്‍പ്പെടെ 11 സഹോദരങ്ങളാണ് അഷ്റഫിനുള്ളത്. കഴിഞ്ഞ തവണ ഏറനാട് മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ ബഷീറിനെതിരെ ഒറ്റക്ക് പൊരുതി 51,000 വോട്ടു നേടിയതിന്റെ ആവേശത്തിലാണ് അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇടതു മുന്നണിയുടെയും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും വോട്ടുകള്‍ അവന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അഷ്റഫ് പറയുന്നു.
നിലമ്പൂര്‍ മണ്ഡലക്കാരായ ജിദ്ദയിലെ പ്രവാസികളോട് നേരില്‍ കണ്ടും ടെലിഫോണ്‍ വഴിയും വോട്ടര്‍ഭ്യര്‍ഥന നടത്തുന്ന തിരക്കിലാണ് ഇദ്ദേഹം. സഹോദരന് നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള അംഗീകാരമായിരിക്കും അവന്റെ വിജയമെന്നും ഇദ്ദേഹം പറയുന്നു.
വോട്ടെടുപ്പിലും നാട്ടിലെ പ്രചാരണ ചൂടിലും പങ്കെടുക്കാനാവാത്തതിന്റെ വിഷമമുണ്ടെങ്കിലും നാട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്ന് ചെയ്യാനായി.സഹോദരന്റെ വിജയത്തിനായി റിയാദിലുള്ള മറ്റൊരു സഹോദരന് അജ്മലും അബുദാബിയിലും ഷാര്‍ജയിലുമുള്ള സഹോദരിമാരും സജീവമായി തന്നെ രംഗത്തുണ്ട്.