അബൂദബിയിലേക്ക് വാഹനമോടിച്ച് വരുന്നവർക്ക് ഇനി മികച്ച കലാസൃഷ്ടികളുടെ കാഴ്ചകൾ കാണാം
|വാഹനത്തിൽ റേഡിയോ ഉണ്ടെങ്കിൽ കലാസൃഷ്ടികളുടെ കാഴ്ച മാത്രമല്ല, വിവരണവും ലഭിക്കും
ദുബൈയിൽനിന്ന് ശൈഖ് സായിദ് റോഡിൽ അബൂദബിയിലേക്ക് വാഹനമോടിച്ച് വരുന്നവർക്ക് ഇനി മികച്ച കലാസൃഷ്ടികളുടെ കാഴ്ചകൾ കാണാം. ലോകപ്രശസ്ത ചിത്രങ്ങളും കലാസൃഷ്ടികളും നിങ്ങളുടെ വഴിത്താരകളെ സമ്പന്നമാക്കും. വാഹനത്തിൽ റേഡിയോ ഉണ്ടെങ്കിൽ കലാസൃഷ്ടികളുടെ കാഴ്ച മാത്രമല്ല, വിവരണവും ലഭിക്കും.
അബൂദബി മീഡിയ കമ്പനി, റേഡിയോ 1 എഫ്.എം , ക്ലാസിക് എഫ്.എം, ഇമാറാത് എഫ്.എം ) എന്നിവയുമായി സഹകരിച്ച് ലൂവർ അബൂദബി മ്യൂസിയമാണ് ഹൈവേ ആർട്ട് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. വാഹനം ഓരോ കലാസൃഷ്ടികളുടെയും ചിത്രങ്ങളെ സമീപിക്കുമ്പോൾ ഇവയുടെ 30 സെക്കൻറ് ദൈർഘ്യമുള്ള വിവരണം എഫ്.എം റേഡിയോയിൽ കേൾക്കുന്നതാണ് സംവിധാനം. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ദൃശ്യ,ശ്രാവ്യ അനുഭവം.
സീഹ് ശുഐബ മുതൽ റഹ്ബ നഗരം വരെയുള്ള 100 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പ്രദർശനം ഒരു മാസം നീണ്ടുനിൽക്കും. മെഡിറ്ററേനിയൻ മേഖലയിൽനിന്നുള്ള പ്രധാനപ്പെട്ട ഇസ്ലാമിക സംഭാവനയായ മരിചാ സിംഹം, ഹനുത്താവി രാജകുമാരിയുടെ ഈജിപ്ഷ്യൻ കല്ലറ, യു.എ.ഇയിൽനിന്ന് കണ്ടെടുത്ത അലക്സാണ്ടർ ചക്രവർത്തിയുമായി ബന്ധപ്പെട്ട നാണയം, 8000 വർഷം പഴക്കമുള്ള ഇരുതല പ്രതിമ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ. വിവിധ കാലഘട്ടങ്ങളിലെ പെയിൻറുങ്ങുകളുെട ചിത്രവും പ്രദർശനത്തിലുണ്ട്. ലിയനാർഡോ ഡാവിഞ്ചിയുടെ ലാ ബെലെ ഫെറണിയെ, വാൻഗോഗിന്റെ സ്വന്തം പോർട്രെയ്റ്റ്, എഡ്വാർഡ് മാനറ്റിന്റെ ദ ഫൈഫ് പ്ലയർ തുടങ്ങിയ പെയിന്റിംഗുകളാണിവ.
കല, സംസ്കാരം, അറിവ് എന്വെയിൽ അധിഷ്ഠിതമായ ആഗോള നവീന ആശയങ്ങളുടെ ഭൂപടത്തിൽ അബൂദബിയെ പ്രതിഷ്ഠിക്കുന്നതാണ് ഹൈവേ ആർട്ട് ഗാലറിയെന്ന് പദ്ധതി സമാരംഭ ചടങ്ങിൽ യു.എ.ഇ സാംസ്കാരിക,വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി അഭിപ്രായപ്പെട്ടു. .