Gulf
Gulf

അബൂദബിയിലേക്ക്​ വാഹനമോടിച്ച്​ വരുന്നവർക്ക്​ ഇനി മികച്ച കലാസൃഷ്ടികളുടെ കാഴ്ചകൾ കാണാം

Jaisy
|
21 Feb 2018 9:11 AM GMT

വാഹനത്തിൽ റേഡിയോ ഉണ്ടെങ്കിൽ കലാസൃഷ്ടികളുടെ കാഴ്ച മാത്രമല്ല, വിവരണവും ലഭിക്കും

ദുബൈയിൽനിന്ന്​ ശൈഖ്​ സായിദ്​ റോഡിൽ അബൂദബിയിലേക്ക്​ വാഹനമോടിച്ച്​ വരുന്നവർക്ക്​ ഇനി മികച്ച കലാസൃഷ്ടികളുടെ കാഴ്ചകൾ കാണാം. ലോകപ്രശസ്ത ചിത്രങ്ങളും കലാസൃഷ്ടികളും നിങ്ങളുടെ വഴിത്താരകളെ സമ്പന്നമാക്കും. വാഹനത്തിൽ റേഡിയോ ഉണ്ടെങ്കിൽ കലാസൃഷ്ടികളുടെ കാഴ്ച മാത്രമല്ല, വിവരണവും ലഭിക്കും.

അബൂദബി മീഡിയ കമ്പനി, റേഡിയോ 1 എഫ്​.എം , ക്ലാസിക്​ എഫ്​.എം, ഇമാറാത്​ എഫ്​.എം ) എന്നിവയുമായി സഹകരിച്ച്​ ലൂവർ അബൂദബി മ്യൂസിയമാണ്​ ഹൈവേ ആർട്ട്​ ഗാലറി സജ്ജീകരിച്ചിരിക്കുന്നത്​. വാഹനം ഓരോ കലാസൃഷ്ടികളുടെയും ചിത്രങ്ങളെ സമീപിക്കുമ്പോൾ ഇവയുടെ 30 സെക്കൻറ്​ ദൈർഘ്യമുള്ള വിവരണം എഫ്​.എം റേഡിയോയിൽ കേൾക്കുന്നതാണ്​ സംവിധാനം. ലോകത്ത്​ ആദ്യമായാണ്​ ഇത്ത​രമൊരു ദൃശ്യ,ശ്രാവ്യ അനുഭവം.

സീഹ്​ ശുഐബ മുതൽ റഹ്​ബ നഗരം വരെയുള്ള 100 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പ്രദർശനം ഒരു മാസം നീണ്ടുനിൽക്കും. മെഡിറ്ററേനിയൻ മേഖലയിൽനിന്നുള്ള പ്രധാനപ്പെട്ട ഇസ്​ലാമിക സംഭാവനയായ മരിചാ സിംഹം, ഹനുത്താവി രാജകുമാരിയുടെ ഈജിപ്ഷ്യൻ കല്ലറ, യു.എ.ഇയിൽനിന്ന്​ കണ്ടെടുത്ത അലക്​സാണ്ടർ ചക്രവർത്തിയുമായി ബന്ധപ്പെട്ട നാണയം, 8000 വർഷം പഴക്കമുള്ള ഇരുതല പ്രതിമ തുടങ്ങിയവയാണ്​ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്​ടികൾ. വിവിധ കാലഘട്ടങ്ങളിലെ പെയിൻറുങ്ങുകളു​െട ചിത്രവും പ്രദർശനത്തിലുണ്ട്​. ലിയനാർഡോ ഡാവിഞ്ചിയുടെ ലാ ബെലെ ഫെറണിയെ, വാൻഗോഗിന്റെ സ്വന്തം പോർട്രെയ്റ്റ്​, എഡ്വാർഡ്​ മാനറ്റിന്റെ ദ ഫൈഫ്​ പ്ലയർ തുടങ്ങിയ പെയിന്റിംഗുകളാണിവ.

കല, സംസ്കാരം, അറിവ്​ എന്വെയിൽ അധിഷ്ഠിതമായ ആഗോള നവീന ആശയങ്ങളുടെ ഭൂപടത്തിൽ അബൂദബിയെ പ്രതിഷ്ഠിക്കുന്നതാണ്​ ഹൈവേ ആർട്ട്​ ഗാലറിയെന്ന്​ പദ്ധതി സമാരംഭ ചടങ്ങിൽ യു.എ.ഇ സാംസ്കാരിക,വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത്​ മുഹമ്മദ്​ ആൽ കഅബി അഭിപ്രായപ്പെട്ടു. .

Related Tags :
Similar Posts