മതിയായ രേഖകളില്ലാത്തവര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
|മിന, അറഫ, മുസ്ദലിഫ എന്നിവടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന്‍ മക്കയുടെ അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കും
മതിയായ രേഖകളില്ലാത്തവര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. മിന, അറഫ, മുസ്ദലിഫ എന്നിവടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന്‍ മക്കയുടെ അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കും. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിങിനായി കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം.
ദുല്‍ഹജ്ജ് എട്ട്, ഒമ്പത് ദിവസങ്ങളില്‍ മക്കയുടെ അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ നിരീക്ഷണം ശക്തമാക്കുമെന്ന് ഹജ്ജ് സുരക്ഷ സേനാ മേധാവി ജനറല്‍ ഖാലിദ് അല്‍ഹര്‍ബി പറഞ്ഞു. ഹജ്ജ് അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായും തടയും. അനധികൃതമായി പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുംപുണ്യസ്ഥലങ്ങളിലേക്കുള്ള പോക്കുവരവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കണ്ട്രോള് റൂമില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും. തീര്‍ഥാടകരുടെ സുരക്ഷ പരിഗണിച്ച് ജംറകളിലേക്കുള്ള വഴികളില്‍ തടസ്സമായി നിന്നിരുന്ന ഏതാനും തന്പുകള് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,64,000 പേരെ മടക്കി അയക്കുകയും 34,742 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു.
ജിദ്ദയില്‍നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും സ്വന്തം വാഹനങ്ങളില്‍ ഹജ്ജിനത്തെിയ ബന്ധുക്കളെ കാണാന്‍ മക്കയിലേക്ക് പുറപ്പെട്ട നിരവധി പേരെ ചെക്ക്പോയിന്റില്‍ തടഞ്ഞുവെച്ച് വിരലടയാളം രേഖപ്പെടുത്തി മടക്കി അയച്ചിട്ടുണ്ട്. ഇങ്ങനെ വിരലടയാളം രേഖപ്പെടുത്തപ്പെട്ടവര്‍ ഇഖാമ പുതുക്കുമ്പോഴും മറ്റും നിയമക്കുരുക്കില്‍ കുടുങ്ങുന്നുണ്ട്. ചിലപ്പോള്‍ ഇത്തരക്കാരെ നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്യും. ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന എസ്.എം.എസ് സന്ദേശം ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ അയക്കുന്നുമുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ബന്ധുക്കളെയും മറ്റും കാണാന്‍ മക്കയിലേക്ക് തിരിക്കുന്ന നിരവധി പേരാണ് സുരക്ഷ പരിശോധനയില്‍ കുടുങ്ങുന്നത്.