Gulf
കുവൈത്തില്‍ പ്രവാസികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം വരുന്നു; ആശ്രിത വിസക്കുള്ള ശമ്പളപരിധി ഉയര്‍ത്തുംകുവൈത്തില്‍ പ്രവാസികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം വരുന്നു; ആശ്രിത വിസക്കുള്ള ശമ്പളപരിധി ഉയര്‍ത്തും
Gulf

കുവൈത്തില്‍ പ്രവാസികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം വരുന്നു; ആശ്രിത വിസക്കുള്ള ശമ്പളപരിധി ഉയര്‍ത്തും

admin
|
24 Feb 2018 4:35 PM GMT

രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി കുവൈത്ത് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് .

രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി കുവൈത്ത് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . ആശ്രിത വിസക്കുള്ള ശമ്പള പരിധി 450 ആക്കി ഉയര്‍ത്താനും ഇഖാമ ഫീസ്‌ വര്‍ധിപ്പിക്കാനും ആലോചന. അകാരണമായി ജോലിക്ക് ഹാജരാകാത്ത വിദേശി ജീവനക്കാരനില്‍ നിന്ന് പ്രതിദിനം 4 ദിനാര്‍ വീതം പിഴ ഈടാക്കുന്ന കാര്യവും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.

തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് ഗവണ്‍മെന്റ് നീങ്ങുന്നത്‌ . സ്വദേശികളുടെ ജനസംഖ്യക്ക് അനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് പരിമിതപ്പെടുത്തിയില്ലെങ്കില്‍ കുവൈത്തിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ജനസംഖ്യാ സന്തുലനം സംബന്ധിച്ച് പഠനം നടത്തിയ വിവിധമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി ഈയിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പഠന സമിതിയുടെ ശിപാര്‍ശകളില്‍ മന്ത്രിസഭ ഉടന്‍ തീരുമാനം കൈകൊളളുമെന്നാണ് സൂചന. പരിഗണയില്‍ ഉള്ള പല നടപടികളും വിദേശികളെ നേരിട്ട് ബാധിക്കുന്നതാണ്. വിദേശികള്‍ക്ക് ആശ്രിത വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 250 ദീനാറില്‍നിന്ന് 450 ദീനാറായി ഉയര്‍ത്തുക, വിസ തൊഴില്‍ പെര്‍മിറ്റ്‌ ഇഖാമ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള ഫീസ്‌ നിരക്ക് വര്‍ധിപ്പിക്കുക, ജോലിയില്‍ നിന്ന് ഒളിച്ചോടുന്നവരില്‍ നിന്ന് ഹാജരാകാത്ത ഓരോ ദിവസത്തിനും 4 ദീനാര്‍ വീതവും പരമാവധി 1000 ദീനാറും പിഴ ഈടാക്കുക തുടങ്ങിയവയാണ് വിദേശികളെ നേരിട്ട് ബാധിക്കാവുന്ന നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ.

ഇതോടൊപ്പം സ്വദേശിവല്‍ക്കരണത്തിനു ആക്കം കൂട്ടാൻ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരാകുന്ന പൌരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും നിർദേശമുണ്ട്. പൊതു മേഖല ജീവനക്കാർക്ക് സമാനമായി ചികിത്സ, മക്കളുടെ പഠനം എന്നിവയ്ക്കായി പൊതു മേഖലയിലെ ജീവനക്കാർക്ക് നല്‍കി വരുന്ന അലവൻസ് സ്വകാര്യ മേഖലയിലെ സ്വദേശികൾക്കും നല്‍കുന്ന കാര്യമാണ് സർക്കാർ പരിഗണനയിലുള്ളത്. ഇതിന് പുറമെ ഫ്രൈഡേ മാർക്കറ്റ് പോലുള്ള പൈതൃക വ്യാപാര സംരംഭങ്ങളിലേക്കും സഹകരണ മേഖലയിലേക്കും കൂടുതൽ സ്വദേശി ജീവനക്കാരെ ആകർഷിക്കുന്നതിനുള്ള നടപടികളും അടുത്ത് ചേരുന്ന കാബിനറ്റ് യോഗത്തിൽ ചർച്ചയാകുമെന്നാണ് അറിയുന്നത്.

Related Tags :
Similar Posts