സൌദിയില്‍ തൊഴില്‍മേഖലയിലെ പ്രതിസന്ധി ആശങ്കയുണര്‍ത്തുന്നു
|സാമ്പത്തിക പ്രതിസന്ധി, സ്വദേശിവല്‍ക്കരണം എന്നിവ കാരണം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് സൌദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത്
സാമ്പത്തിക പ്രതിസന്ധി, സ്വദേശിവല്‍ക്കരണം എന്നിവ കാരണം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് സൌദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത്. സ്വദേശിവത്കരണം ശക്തമാകുന്നതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. വലിയ പ്രതിസന്ധിയാകും ഇത് സൃഷ്ടിക്കുക.
രണ്ട് വര്‍ഷം മുന്‍പ് നിതാഖാത്തിലൂടെയുണ്ടായ ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്നം വീണ്ടും ചര്‍ച്ചയാവുകയാണ്. മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ നാലായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ സൌദിയിലെ വിവിധ കമ്പനികളില്‍ കഴിയുന്നുണ്ട്. ജിദ്ദയിലെ സൌദി ഓജര്‍ കമ്പനിയിലെയും ദമാം അല്‍ ഖോബാറിലെ പ്രമുഖ നിര്‍മാണ കമ്പനിയിലെയും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാത്രമാണ് വലിയ വാര്‍ത്തയായത്.
അസംസ്കൃത എണ്ണയുടെ വില 115 ഡോളറില്‍ നിന്നും മുപ്പതിലേക്ക് കൂപ്പ് കുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എണ്ണയെ പ്രധാന വരുമാന സ്ത്രോതസ്സായി പരിഗണിക്കുന്ന സൌദിയില്‍ ഇതോടെ നിര്‍മാണ മേഖല വന്‍ പ്രതിസന്ധിയിലായി. വന്‍കിട പ്രൊജക്ടുകളില്‍ നിയന്ത്രണം വന്നു. ഭീമന് പദ്ധതികളുടെ നടത്തിപ്പില്‍ മെല്ലപ്പൊക്കുമായി. കമ്പനികള്‍ക്ക് കൃത്യമായ പെയ്മെന്റുകള്‍ മുടങ്ങിയതോടെ തൊഴിലാളികളുടെ ശമ്പളം മുടങ്ങി. മക്കയിലെ ക്രയിന്‍ അപകടത്തെ തുടര്‍ന്ന് പ്രമുഖ നിര്‍മാണ കമ്പനിയായ സൌദി ബിന്ലാദന് ഗ്രൂപ്പിന് സര്‍ക്കാര്‍ വിലക്ക് വന്നതോടെ പതിനായിരങ്ങളാണ് പെരുവഴിയിലായത്. ഇതിനിടയില്‍ സ്വദേശിവത്കരണ പദ്ധതികള്‍ വേഗത്തിലായി. മൊബൈല്‍ ഫോണ്‍ വില്‍പ്പന മേഖല സ്വദേശിവത്കരിച്ചു. അടുത്ത ഹിജ്റ വര്‍ഷം മുതല്‍ നിരവധി മേഖകള്‍ സ്വദേശി വത്കരിക്കുമെന്ന പ്രഖ്യാപനവും നിലവിലുണ്ട്. സൌദി തൊഴിലില്ലായ്മ 11 ശതമാനത്തില്‍ നിന്നും 7 ശതമാനമായി കുറക്കാനുള്ള നടപടികള്‍ ശക്തമാകുന്നതോടെ നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും.