Gulf
നിയമലംഘകര്‍ക്കായുള്ള പരിശോധന; സൌദിയില്‍ ആശുപത്രികളടക്കം 27 സ്ഥാപനങ്ങള്‍ പൂട്ടിനിയമലംഘകര്‍ക്കായുള്ള പരിശോധന; സൌദിയില്‍ ആശുപത്രികളടക്കം 27 സ്ഥാപനങ്ങള്‍ പൂട്ടി
Gulf

നിയമലംഘകര്‍ക്കായുള്ള പരിശോധന; സൌദിയില്‍ ആശുപത്രികളടക്കം 27 സ്ഥാപനങ്ങള്‍ പൂട്ടി

Jaisy
|
7 March 2018 2:28 PM GMT

മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചവയാണ് വിവിധ മന്ത്രാലയങ്ങളുടെ പരിശോധനയില്‍ പൂട്ടിയത്

നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ സൌദിയില്‍ ആശുപത്രികളടക്കം 27 സ്ഥാപനങ്ങള്‍ പൂട്ടി. മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചവയാണ് വിവിധ മന്ത്രാലയങ്ങളുടെ പരിശോധനയില്‍ പൂട്ടിയത്. തൊഴിലിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് ഇതിനകം അറസ്റ്റിലായത്.

റിയാദ്, ജിദ്ദ, തായിഫ്, അസീര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിയത്. ജീവനക്കാര്‍ക്ക് മതിയായ രേഖകള്‍ കാണിക്കാത്ത സ്ഥാപനങ്ങളും പൂട്ടി. അടച്ചു പൂട്ടിയവയില്‍ പതിനേഴ് പോളിക്ലിനിക്കുകളുണ്ട്. ഇവ തുറക്കാന്‍ വന്‍ തുക പിഴയടക്കേണ്ടി വരും. ഒപ്പം മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചെന്നും ബോധ്യപ്പെടുത്തണം. ഗുരുതര നിയമലംഘനം നടത്തിയവ ഇനി തുറക്കാനുമാകില്ല. പതിനൊന്ന് കണ്ണടക്കടകളും പൂട്ടി. ഒരു വിദേശ മെഡിക്കല്‍ സെന്ററും ഡെന്റല്‍ ലാബും അടച്ചു പൂട്ടി. അണു നശീകരണ വ്യവസ്ഥ പാലിക്കാത്തതിനാണ് ലാബ് അടച്ചു പൂട്ടിയത്. റിയാദിലും ജിദ്ദയിലും വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ പ്രഫഷനും ഇഖാമയും ഒത്തുനോക്കിയാണ് നടപടി. സ്ഥാപനങ്ങള്‍ക്കെതിരെയാണ് അനധികൃത ജീവനക്കാരെ നിയമിച്ചതിന് നടപടി. രാജ്യത്ത് ഒരു മാസത്തിനിടെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കാണ് പിടിവീണത്. ഭൂരിഭാഗവും പൂട്ടി. രേഖകള്‍ ശരിയല്ലാത്തവരോട് രേഖകളുമായി മന്ത്രാലയത്തില്‍ ഹാജരാകാനാണ് നിര്‍ദേശം. തൊഴില്‍, സാമൂഹിക വികസന, ആഭ്യന്തര, മുനിസിപ്പല്‍ മന്ത്രാലയ പ്രതിനിധികള്‍ ഒന്നിച്ചാണ് പരിശോധന.

Related Tags :
Similar Posts