അഡ്‍നോക്കിന്റെ തലപ്പത്ത് അഴിച്ചുപണി
|കമ്പനിയുടെ 18 വിഭാഗങ്ങളില്‍ ആറെണ്ണത്തില്‍ പുതിയ മേധാവികളെ നിയമിച്ചു.
യുഎഇയിലെ പ്രമുഖ എണ്ണകമ്പനിയായ അഡ്നോക്കിന്റെ തലപ്പത്ത് അഴിച്ചുപണി. കമ്പനിയുടെ 18 വിഭാഗങ്ങളില്‍ ആറെണ്ണത്തില്‍ പുതിയ മേധാവികളെ നിയമിച്ചു. പുതിയ സിഇഒ ചുമതലയേറ്റ ശേഷമുള്ള പ്രധാന അഴിച്ചുപണിയാണിത്.
അഡ്നോക്കിന് കീഴിലെ യാഹ്സാറ്റ്, ഗ്യാസ്കോ, അഡ്കോ, ബുറൂജ്, അല്‍ ഹൊസന്‍ ഗ്യാസ്, അഡ്മ- ഒപ്കോ എന്നിവയുടെ തലപ്പത്തെല്ലാം അഴിച്ചുപണി നടന്നു. റിഫൈനിങ് ആന്‍റ് പെട്രോകെമിക്കല്‍സ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ആയി അബ്ദുല്‍ അസീസ് അല്‍ ഹജ്രിയെ നിയോഗിച്ചു. സ്ട്രാറ്റജി ആന്‍റ് കോര്‍ഡിനേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന ഉമര്‍ സുവൈന അല്‍ സുവൈദിയാണ് ഗ്യാസ് മാനേജ്മെന്‍റ് ഡയറക്ടറേറ്റിന്റെ പുതിയ ഡയറക്ടര്‍.
യാഹ്സാറ്റിന്റെ സിഇഒ ആയി അലി ഖലീഫ അല്‍ ഷംസിയാണ് നിയമിതനായി. സൈഫ് സുല്‍ത്താന്‍ അല്‍ നാസെറി ആണ് ഗ്യാസ്കോയുടെ പുതിയ സിഇഒ. അല്‍ ഹൊസന്‍ ഗ്യാസിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്ന സൈഫ് അഹമ്മദ് അല്‍ ഗാഫിലിയെ അഡ്കോയുടെയും അഹമ്മദ് ഉമര്‍ അബ്ദുല്ലയെ ബുറൂജിന്റെയും സിഇഒമാരായി നിയമിച്ചു. പ്രോജക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്റായ മന്‍സൂര്‍ മുഹമ്മദ് അല്‍ മിഹൈറിബിയാണ് അല്‍ ഹൊസന്‍ ഗ്യാസിന്റെ പുതിയ സിഇഒ. അഡ്മ- ഒപ്കോ സിഇഒ ആയി യാസര്‍ സഈദ് അല്‍ മസ്റൂയിയെയും നിയമിച്ചിട്ടുണ്ട്.