ഗള്‍ഫ് പ്രവാസത്തിന്റെ വഴിയടയാളങ്ങള്‍
|ഒമാനിലെ ആദ്യകാല പ്രവാസികളുടെ നോവും നൊമ്പരങ്ങളും അനുഭവങ്ങളും പങ്കുവെച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ ' ഗൾഫ് പ്രവാസത്തിന്റെ വഴിയടയാളങ്ങൾ' പരിപാടി
ഒമാനിലെ ആദ്യകാല പ്രവാസികളുടെ നോവും നൊമ്പരങ്ങളും അനുഭവങ്ങളും പങ്കുവെച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ ' ഗൾഫ് പ്രവാസത്തിന്റെ വഴിയടയാളങ്ങൾ' പരിപാടി വേറിട്ടനുഭവമായി . 'പത്തേമാരി' സിനിമയെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ സംവിധായകൻ സലിം അഹമ്മദ് പങ്കെടുത്തു.
സിനിമയിലെ തിരഞ്ഞെടുത്ത സുപ്രധാന രംഗങ്ങൾ പ്രദർശിപ്പിച്ച ശേഷം അവയെ ആസ്പദമാക്കിയാണ് ചർച്ചകൾ നടത്തിയത് . ആദ്യകാലങ്ങളിൽ ഒമാനിൽ വന്നിരങ്ങിയവർ തങ്ങൾ അനുഭവിച്ച യാതനകളും പ്രയാസങ്ങളും പരിപാടിയിൽ തുറന്നു കാണിച്ചു. നാൽപതു വർഷം മുമ്പ് പത്തേമാരിയിൽ ഒമാൻ തീരത്ത് വന്നിറങ്ങിയ തിരൂര്‍ സ്വദേശി അബൂബക്കര്‍ തന്റെ അനുഭവം പങ്കുവെച്ചത് ഏറെ കൗതുകത്തോടെയാണ് സദസ് ശ്രവിച്ചത്. തന്റെ കടല്‍യാത്ര സിനിമയില്‍ ചിത്രീകരിച്ചതിനേക്കാള്‍ ഭീകരമായിരുന്നെന്നും ഒമാനിൽ വന്നിറങ്ങിയുടനെ പോലീസുകാരുടെ പിടിയിൽപെട്ട താൻ പൊലീസുകാർ നൽകിയ ജോലിയിലാണ് ഇന്നും തുടരുന്നതെന്ന് അബൂബക്കർ ഓർമിച്ചു . 1960കളിലെ ആദ്യ കാല പ്രവാസികളായ മലയാളികളുടെ സാഹസിക അനുഭവങ്ങൾ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങളാണ് പത്തേമാരിയിലൂടെ താന്‍ നടത്തിയതെന്നും സലീം അഹമ്മദ് പറഞ്ഞു.
ആദ്യകാല പ്രവാസികളുമായി നടത്തിയ സംഭാഷണങ്ങളിലൂടെ ലഭിച്ച പച്ചയായ അനുഭവങ്ങളാണ് പത്തേമാരിയിലെ ഓരോ രംഗത്തിന്റെയും ഊര്‍ജം. ജീവന്‍ പണയംവെച്ചും പ്രവാസത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കാന്‍ അധികം പേരെയും പ്രേരിപ്പിച്ചത് കുടുംബങ്ങളുടെ ജീവിത പ്രാരാബ്ധങ്ങളായിരുന്നു . പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങളുമായി ആഴക്കടലില്‍ നിത്യവിശ്രമം കൊള്ളുന്നവർ നിരവധിയാണെന്നും സലിം അഹമ്മദ് ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു .