ഖറാഫി നാഷനൽ കമ്പനിയിലെ ജീവനക്കാരെ ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടാൻ നീക്കം
|ആനുകൂല്യങ്ങൾ കൈപ്പറ്റാതെ പിരിഞ്ഞുപോകാൻ തയ്യാറുള്ളവരുടെ ഇഖാമ പിഴയും യാത്രാ ചെലവും വഹിക്കുമെന്നു കമ്പനിയുടെ അറിയിപ്പ്
കുവൈത്തിൽ മാസങ്ങളായി ശമ്പളമില്ലാതെ കഴിഞ്ഞിരുന്ന ഖറാഫി നാഷനൽ കമ്പനിയിലെ ജീവനക്കാരെ സർവിസ് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടാൻ നീക്കം. ആനുകൂല്യങ്ങൾ കൈപ്പറ്റാതെ പിരിഞ്ഞുപോകാൻ തയ്യാറുള്ളവരുടെ ഇഖാമ പിഴയും യാത്രാ ചെലവും വഹിക്കുമെന്നു കമ്പനിയുടെ അറിയിപ്പ് . താല്പര്യമുള്ളവർ ക്യാമ്പ് ഓഫീസിൽ പേര് നൽകണമെന്നു കാണിച്ചാണ് കമ്പനിയുടെ നോടീസ് ബോർഡിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത് .
ഈ മാസം 11 നു കുവൈത്ത് സന്ദർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഖറാഫി തൊഴിലാളികളുടെ പിഴ ഒഴിവാക്കുന്നത് സംബന്ധിച്ച് കുവൈത്ത് തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം വരുകയാണെങ്കിൽ തൊഴിലാളികളെ ഒന്നിച്ച് നാട്ടിലേക്ക് കൊണ്ടുപോവാൻ സർക്കാർ മുൻകൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് .ഇത്തരത്തിൽ നാട്ടിലേക്ക് പോവാൻ ഒരു വിഭാഗം ജീവനക്കാർ തയാറാണ് എന്നാൽ, മാസങ്ങളോളം ജോലി ചെയ്ത ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്ക് ഇല്ലെന്ന നിലപാടിലാണ് ഭൂരിഭാഗം തൊഴിലാളികളും . ഇക്കാര്യത്തിൽ പരാതി ഉന്നയിച്ച തൊഴിലാളികളോട് ലഭിക്കാനുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഉറപ്പു നൽകാനാവില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി അതേസമയം ആനുകൂല്യങ്ങൾക്കായി ഇന്ത്യൻ എംബസി നിയമസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ . ഇതിനിടയിലാണ് ആനുകൂല്യങ്ങൾ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ താല്പര്യമുള്ളവർക്ക് വിമാനടിക്കറ്റു നൽകുമെന്നും പിഴ കമ്പനി അടക്കുമെന്നും കമ്പനിയുടെ നോട്ടീസ് ബോർഡിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത് .ഇതോടെ കമ്പനിയിൽ നിന്ന് ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപയുടെ സർവിസ് ആനുകൂല്യങ്ങൾ വേണ്ടെന്നു വെച്ച് വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയിലാണ് മലയാളികൾ ഉൾപ്പെടെ തൊഴിലാളികൾ.