ജിസിസി ഉച്ചകോടിയിൽ ഖത്തർ പങ്കെടുക്കുകയാണെങ്കിൽ ബഹിഷ്ക്കരിക്കുമെന്ന് ബഹ്റൈൻ
|ചതുർ രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജിസിസി അംഗത്വം തടയണമെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രി
ജിസിസി ഉച്ചകോടിയിൽ ഖത്തർ പങ്കെടുക്കുകയാണെങ്കിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ. ചതുർ രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജിസിസി അംഗത്വം തടയണമെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രി.
നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറിന്റെ പങ്കാളിത്തം ഉണ്ടാവുകയാണെങ്കിൽ ബഹിഷ്കരിക്കേണ്ടി വരുമെന്നാണ് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയത്. സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാഷ്ട്രങ്ങൾ മുന്നോട്ട് വെച്ച പതിമൂന്ന് ആവശ്യങ്ങൾ അംഗീകരിക്കാത്ത ഖത്തറിന്റെ നിലപാട് പ്രതിഷേധാർഹമാണ് ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം ഖത്തർ ജി.സിസി രാജ്യങ്ങളുടെ ആഭ്യന്തരസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഖത്തർ ഇടപെടല്‍ പ്രതിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ ചേര്‍ന്ന യുഎഇ, സൗദി ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ഖത്തർ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷത്തിന്റെ സ്വരങ്ങള്‍ പ്രതിരോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഖത്തറിനോടൊപ്പം ഉച്ചകോടിയിൽ സംബന്ധിക്കാൻ തങ്ങൾ തയ്യാറല്ലെന്ന ബഹ്റൈന്റെ പ്രഖ്യാപനം ഖത്തറിനെതിരായ ചതുർ രാഷ്ട്രങ്ങളുടെ നിലപാട് കൂടുതൽ ശക്തമാക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.