നിയമസഭാ തെരഞ്ഞെടുപ്പ്: പ്രവാസലോകത്തും പ്രചരണച്ചൂട്
|കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവാസ ലോകത്തും പ്രചാരണം തുടങ്ങി.
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവാസ ലോകത്തും പ്രചാരണം തുടങ്ങി. കുവൈത്തിലെ ഇടതു സാംസ്‌കാരിക കൂടയ്മകളുടെ നേതൃത്വത്തില്‍ മംഗഫില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ എന്‍. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങളിലെ വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കല കുവൈത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രചാരണ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. മൂന്നു മേഖലകളിലായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലെ ആദ്യത്തേതാണ് മംഗഫ് കല സെന്ററില്‍ നടന്നത്. എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 19 ഓളം പരിപാടികള്‍ പ്രവാസി സുരക്ഷയ്ക്കും പുനരധിവാസത്തിനുമാണെന്നു എന്‍. അജിത്ത് കുമാര്‍ പറഞ്ഞു ഫാസിസ്റ്റുകളേയും അഴിമതിക്കാരെയും അധികാരത്തില്‍ നിന്നും മാറ്റി നിറുത്തുന്നതിനുമായി പ്രവാസി കുടുംബങ്ങളുടെ ഓരോ വോട്ടും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ നൌഷാദ്, ടി.വി ഹിക്മത്ത്, സുനില്‍ പി ആന്റണി, രാജീവ് ജോണ്‍, കെ. വിനോദ്എന്നിവര്‍ സംസാരിച്ചു.