കുവൈത്ത് കെഎംസിസി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
|കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാഷിഷ് ഗോൾഡർ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാഷിഷ് ഗോൾഡർ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്കൂളിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ക്യാംപിൽ ആയിരത്തോളം പ്രവാസികൾ വൈദ്യപരിശോധനക്കെത്തി.
ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം, ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സ്, കുവൈത്ത് സൗദി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് കെഎംസിസി സ്പന്ദനം 2017 എന്ന പേരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാഷിഷ് ഗോൾഡർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ വിഭാഗങ്ങളിലായി 50 ഡോക്ടര്‍മാരും 50 പാരാമെഡിക്കല്‍ ജീവനക്കാരും സേവന സന്നദ്ധരായി ക്യാംപിൽ പങ്കെടുത്തു. ഹൃദ്രോഗം, നേത്രവിഭാഗം, ശിശുരോഗം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ കാലത്തു മുതൽ നല്ല തിരക്കനുഭവപ്പെട്ടു. ഫിസിയോ തെറാപ്പി യൂണിറ്റും അള്‍ട്രാ സൗണ്ട് സ്കാനിങ്, ബോഡി മാസ് ഇന്‍ഡക്സ്, ഇ.സി.ജി, ഷുഗര്‍, കൊളസ്ട്രോള്‍, ബി.എം.ഐ തുടങ്ങിയ പരിശോധന സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ നൂറംഗ വളണ്ടിയര്‍മാരും പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. പരിശോധനക്കെത്തുന്നവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. കുവൈത്ത് കെഎംസിസി നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.