മക്കയിലെ ക്രെയിനപകടത്തിന്റെ നീറുന്ന ഓര്‍മയില്‍ ഈ കുടുംബം
|അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി മുഅ്മിനയുടെ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും നടുക്കുന്ന ഓര്‍മയാണ് ആ ഹജ്ജ് കാലം
കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനിടെ മക്കയിലുണ്ടായ ക്രെയിനപകടത്തിന്റെ നടുക്കുന്ന ഓര്‍മയിലാണ് പാലക്കാട്ടെ ഒരു കുടുംബം. അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി മുഅ്മിനയുടെ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും നടുക്കുന്ന ഓര്‍മയാണ് ആ ഹജ്ജ് കാലം. പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല.
പാലക്കാട് മീനാ നഗര്‍ കോളനിയിലെ മുഅ്മിന, ഭര്‍ത്താവ് മുഹമ്മദ് ഇസ്മാഈലിനൊപ്പമാണ് കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോയത്. 2015 സെപ്തംബര്‍ 11ന് ഹറമിലുണ്ടായ ക്രെയിനപകടത്തില്‍ മുഅ്മിനയടക്കം 111 പേരാണ് മരിച്ചത്. മക്കളായ ആയിശ മറിയം, ആഷിഫ്, അന്സിഫ് എന്നിവര്‍ക്ക് ഉമ്മ പിരിഞ്ഞുപോയതിന്റെ നൊമ്പരം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം സൌദി റിയാല്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 2 ബന്ധുക്കള്‍ക്ക് ഈ വര്‍ഷം സൌദിരാജാവിന്റെ അതിഥികളായി ഹജ്ജിന് അവസരം നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. വിശുദ്ധഭൂമിയില്‍ അന്തിയുറങ്ങുന്ന മുഅ്മിനക്കായി പ്രാര്‍ഥനകളില്‍ മുഴുകുകയാണ് ഹജ്ജുകാലത്ത് ഈ കുടുംബം.