നിയമലംഘനം; സൌദിയില്‍ അറസ്റ്റിലായ വിദേശികളുടെ എണ്ണം 3 ലക്ഷത്തോട് അടുക്കുന്നു
|താമസ രേഖയില്ലാത്തവരും താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുമായ ഒന്നര ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തത്
സൌദിയില്‍ നിയമലംഘനത്തിന് അറസ്റ്റിലായ വിദേശികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. അറുപതിനായിരം പേരെ ഇതിനകം നാടുകടത്തി. താമസ രേഖയില്ലാത്തവരും താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുമായ ഒന്നര ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 14ന് രാത്രിയാരംഭിച്ച പരിശോധന ഒന്നര മാസത്തോട് അടുക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നുച്ച വരെയെുള്ള കണക്ക് പ്രകാരം അറസ്റ്റിലായവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തി ആറായിരം കവിഞ്ഞു. പ്രതിദിനം പിടികൂടുന്നവരുടെ എണ്ണം ശരാശരി ഏഴായിരമാണ്. ഇതില്‍ ഇഖാമയൊഴികെ മറ്റു രേഖകളില്‍ പ്രശ്നമില്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നുണ്ട്. ഇങ്ങിനെ തിരികെ അയച്ചത് അറുപതിനായിരം പേരെയാണ്. നാല്പതിനായിരം പേര് നടപടി ക്രമങ്ങള്‍ക്ക് കാത്ത് കഴിയുന്നു. പിടിയിലാകുന്നവരുടെ രാജ്യങ്ങളുടെ എംബസിയുമായി സഹകരിച്ചും നാടുകടത്തല്‍ തുടരുന്നുണ്ട്. മടക്കി അയച്ചവര്‍ക്ക് സൌദിയിലേക്ക് മടങ്ങാനാകില്ല. പിടിയിലാകുന്നവരില്‍ ഗുരുതര നിയമലംഘനമുള്ളവര്ക്ക് നിയമാനുസൃത നടപടികളുണ്ടാകും. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായത് തൊണ്ണൂറ്റി അയ്യായിരം പേരാണ്. സ്വദേശികള്‍ക്ക് നീക്കി വെച്ച ജോലി ചെയ്തവരും ഇഖാമയിലില്ലാത്ത ജോലി ചെയ്തവരും ഇതിലുണ്ട്. നേരത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന പരിശോധന ഉള്‍നാടന്‍ പ്രവിശ്യകളിലും ശക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും അതിര്‍ത്തിയിലും പരിശോധന തുടരുന്നുണ്ട്.