ഗള്‍ഫ് രാജ്യങ്ങളും മൊറോക്കൊയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം
|തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മൊറോക്കോ രാജാവ് ഉറപ്പ് നല്‍കി. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ദര്‍ഇയ്യ കൊട്ടാരത്തില്‍ ഇന്നലെ രാത്രിയാണ് ജി.സി.സി - മൊറോക്കോ സംയുക്ത ഉച്ചകോടി നടന്നത്
ഗള്‍ഫ് രാജ്യങ്ങളും മൊറോക്കൊയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ റിയാദില്‍ ചേര്‍ന്ന ജി.സി.സി - മൊറോക്കോ സംയുക്ത ഉച്ചകോടിയില്‍ തീരുമാനമായി. മൊറോക്കയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു.
തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മൊറോക്കോ രാജാവ് ഉറപ്പ് നല്‍കി. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ദര്‍ഇയ്യ കൊട്ടാരത്തില്‍ ഇന്നലെ രാത്രിയാണ് ജി.സി.സി - മൊറോക്കോ സംയുക്ത ഉച്ചകോടി നടന്നത്.
വിവിധ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്താന്‍ ഉച്ചകോടിയില്‍ തീരുമാനമായി. അറബ് മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ജി.സി.സി മൊറോക്കൊ സഹകരണം അനിവാര്യമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അറബ് മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതില്‍ പ്രധാനം ഫലസ്തീന്‍ പ്രശ്നവും സിറിയയിലെയും ലിബിയയിലെയും സംഘര്‍ഷവുമാണ്. ഇറാഖ് സമാധാനം കൈവരണമെന്നും എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. മാനവ വിഭവശേഷി വികസനം, പരസ്പര വ്യാപാര ബന്ധങ്ങള്‍, നിക്ഷേപം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഭീഷണി നേരിടുന്നതില്‍ പരസ്പര സഹകരണം എന്നീ മേഖകളില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചതായി സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൊറോക്കന്‍ മരുഭൂമിയുടെ പ്രശ്നം (അല്‍സഹ്റാ അല്‍മഗ്രിബിയ ഇഷ്യു) ജി.സി.സി രാജ്യങ്ങളുടെ കൂടി വിഷയമാണ്, ഇക്കാര്യത്തില്‍ മൊറോക്കൊക്ക് അനുകൂലമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കൊയുടെ സുരക്ഷയെ ബാധിക്കുന്നഎല്ലാ വിഷയങ്ങളിലും ജി.സി.സി കൂടെ നില്‍ക്കും. സിറിയ, ഇറാഖ്, ലിബിയ, യമന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൊറോക്കോ സഹകരണം വാഗ്ദാനം ചെയ്തു. എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും കൂട്ടമായി നേരിടും. തീവ്രവാദത്തെ ഏതെങ്കിലും മതമോ സംസ്കാരമോ ആയി ബന്ധപ്പെടുത്തുന്നതിനെ എതിര്‍ക്കും.
അറബ് മുസ്ലിം സമൂഹത്തിന്റെ ക്ഷേമത്തിനും രാഷ്ട്രങ്ങളുടെ സുരക്ഷക്കും പരസ്പരം ചര്‍ച്ചകള്‍ തുടരുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.