അവകാശം നേടാൻ നഴ്സുമാർ സമരമാർഗം അവലംബിക്കരുതെന്നു കുവൈത്ത്
|പരാതികളുണ്ടെങ്കിൽ കേൾക്കാൻ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി
അവകാശം നേടാൻ നഴ്സുമാർ സമരമാർഗം അവലംബിക്കരുതെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം. രോഗികളുടെ ജീവനുമായി ബന്ധപ്പെട്ടതാണു നഴ്സിങ് ജോലി. പരാതികളുണ്ടെങ്കിൽ കേൾക്കാൻ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും പണിമുടക്കിലേക്കു നീങ്ങേണ്ടിവരുന്നുവെന്നും നഴ്സിങ് സൊസൈറ്റി മേധാവി ബന്ദർ നഷ്മി അൽ അനേസി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണു മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വിവിധ കാരണങ്ങളാൽ നഴ്സുമാരിൽ പലരും രാജിവയ്ക്കാൻ പോലും ആലോചിക്കുന്നുവെന്നും പ്രശ്നപരിഹാരത്തിനു സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും നഴ്സിങ് സൊസൈറ്റി മേധാവി പറഞ്ഞിരുന്നു.
ജോലി സമ്മർദം കൂടിവരികയാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ പോലും ചില ആശുപത്രികളിൽ സൂപ്രണ്ടുമാർ അമാന്തം കാണിക്കുന്നുവെന്നും കുറ്റപ്പെടുത്തി.