ഇഖാമ കാലാവധി കഴിഞ്ഞ മലയാളികൾക്ക് ആശ്വാസമായി കുവൈത്ത് പൊതുമാപ്പ്
|ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അനധികൃത താമസക്കാർക്ക് കുവൈത്ത് നിരുപാധികം രാജ്യം വിടാൻ അവസരം നൽകുന്നത്
വിവിധ കാരണങ്ങളാൽ ഇഖാമ കാലാവധി കഴിഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാകുന്നതാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അനധികൃത താമസക്കാർക്ക് കുവൈത്ത് നിരുപാധികം രാജ്യം വിടാൻ അവസരം നൽകുന്നത് .
2011ൽ നാല് മാസത്തേക്കുപൊതുമാപ്പ് അനുവദിച്ചിരുന്നെങ്കിലും അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് അന്ന് ഇളവു പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച അവസരത്തിൽ കുവൈത്തിലും നിയമലംഘകർക്ക് ഇളവ് ഉണ്ടാകുമെന്നു പ്രതീക്ഷ പരന്നിരുന്നുവെങ്കിലും പൊതുമാപ്പ് അടഞ്ഞ അധ്യായമെന്നായിരുന്നു അധികൃതരുടെ വിശദീകരണം . അതുകൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായാണ് പൊതുമാപ്പ് സംബന്ധിച്ച ഉത്തരവ് പുറത്തു വന്നിരിക്കുന്നത് . ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽ ജറാഹ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ രാജ്യത്തിന്റെ ഏത് അതിർത്തി വഴിയും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച് രാജ്യം വിടാം. ഇതിനായി പ്രത്യേകിച്ച് രേഖകൾ തയാറാക്കുകയോ ഏതെങ്കിലും ഓഫീസിൽ കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ല .അതെ സമയം പാസ്പോർട്ട് കൈയിലില്ലാത്തവർക്ക് എംബസ്സിയിൽ നിന്ന് ഔട്ട് പാസ്സ് ശരിയാക്കേണ്ടി വരും .ഇളവ് കാലത്തും അതിനു ശേഷവും അനധികൃത താമസക്കാർക്കായി പരിശോധന തുടരുമെന്നും പരിശോധനയിൽ പിടിക്കപ്പെടുന്നവരെ വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.